പാരീസ്: ക്രിസ്മസ് അടുത്തെത്തിയതോടെ കേക്കുകൾക്കു ലോകമെങ്ങും വൻ ഡിമാൻഡായിരിക്കുകയാണ്. കാണുമ്പോൾ തന്നെ കൊതിതോന്നും വിധത്തിലുള്ള കേക്കുകൾ ബേക്കറികളിൽ സ്ഥാനം പിടിച്ചിരിക്കുന്നു.
അതിനിടെ ഫ്രാൻസിലെ ലൂവ് മ്യൂസിയത്തിൽനിന്നുള്ള കലാകാരന്മാർ ഡിസൈൻ ചെയ്ത കേക്കുകളെക്കുറിച്ചുള്ള വാർത്തകൾ ആളുകളെ അമ്പരപ്പിച്ചിരിക്കുകയാണ്.
ആഡംബരകേക്കുകളാണ് ഇവർ തയാറാക്കുന്നത്. വളരെ അപൂർവമായ വാനില ഉപയോഗിച്ചാണു നിർമാണം. കേക്കിനു മുകളിലായി സ്വർണം പതിച്ചിരിക്കും.
കേക്ക് കഴിക്കാൻ കിട്ടുന്ന ഫോർക്ക് ശുദ്ധമായ സ്വർണത്തിൽ പൊതിഞ്ഞതാണ്. ഇതൊക്കെ കേട്ട് കേക്ക് വാങ്ങാൻ ചെല്ലുമ്പോഴാണ് പുകില്. വൈൽഡ് ബെറി ക്രിസ്റ്റൽ മക്രോൺ ചീസ് കേക്കിന്റെ വില എട്ടു ലക്ഷത്തിലധികം രൂപ. പോംപോൺ വാനില കാരാമൽ ഗ്രേഡ് എയുടെ വില ഒരു ലക്ഷത്തിലധികം.
ഈ കേക്കിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. പക്ഷേ വീഡിയോ കണ്ടവരുടെ കമന്റുകൾ അത്ര മധുരമുള്ളതായിരുന്നില്ല.
ലക്ഷങ്ങൾ മുടക്കി ഈ കേക്ക് വാങ്ങി തിന്നാൻ ഞങ്ങൾക്കെന്താ ഭ്രാന്താണോ എന്നായിരുന്നു പലരുടെയും പ്രതികരണം. ഒരു കേക്കിന്റെ വിലയുണ്ടെങ്കിൽ കാർ വാങ്ങാമല്ലോ എന്നും ഒരാൾ കമന്റിട്ടു.