സ്വന്തം ലേഖകൻ
കോഴിക്കോട്: എൽഡിഎഫ് ജനജാഗ്രതാ മാർച്ച് കോഴിക്കോട് കൊടുവള്ളി മണ്ഡലത്തിൽ നടത്തിയ പര്യടനത്തിന് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ വാഹനം ഉപയോഗിച്ച വിവാദം കെട്ടടങ്ങുന്നതിന് മുന്പ് ഇടത് എംഎൽഎമാർ സ്വർണക്കടത്ത് കേസിലെ പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്ത്.
എംഎൽഎമാരായ കാരാട്ട് റസാഖ്, പി.ടി.എ. റഹീം എന്നിവർ സ്വർണക്കടത്ത് കേസിലെ പ്രതിക്കൊപ്പം നിൽക്കുന്ന ചിത്രമാണ് പുറത്തായത്. സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയായ അബ്ദുൾ ലെയ്സിന്റെ ഗൾഫിലെ ഓഫീസ് ഉദ്ഘാടനത്തിനിടെ എടുത്ത ചിത്രമാണ് പുറത്തായത്. കോഫേപോസ കേസിലെ പിടികിട്ടാപ്പുള്ളിയായ അബ്ദുൾ ലെയ്സിന്റെ സ്ഥാപനം ഉദ്ഘാടനം ചെയ്യാൻ ഇടത് എംഎൽഎമാർ എത്തിയത് ഇതിനോടകം തന്നെ ചർച്ചയായിട്ടുണ്ട്.
എന്നാൽ, താനും കാരാട്ട് റസാഖ് എംഎൽഎയും മേപ്പയിൽ ഗ്രൂപ്പിന്റെ ഗൾഫിലെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാനാണ് അവിടെ എത്തിയിരുന്നതെന്ന് പി.ടി.എ. റഹീം എംഎൽഎ രാഷ്ട്രദീപികയോട് പറഞ്ഞു. മേപ്പയിൽ ഗ്രൂപ്പ് കൊടുവള്ളി സ്വദേശിയുടേതാണ്. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചാണ് 2016ലെ തെരഞ്ഞെടുപ്പിനുശേഷം തങ്ങൾ രണ്ടുപേരും ഗൾഫിൽ എത്തിയത്. കൊടുവള്ളിയിലെ കാരാട്ട് റസാഖിന്റെ അട്ടിമറി വിജയത്തിനുശേഷം പ്രവാസി മലയാളികൾ അദ്ദേഹത്തിന് അവിടെ സ്വീകരണവും ഒരുക്കിയിരുന്നു.
ജനപ്രതിനിധികൾ ഗൾഫിലെത്തുന്പോൾ പലരും വന്ന് ഫോട്ടോ എടുക്കാറുണ്ട്. തങ്ങൾക്കൊപ്പം ഫോട്ടോ എടുക്കുന്നവരോട് മാറി നിൽക്കാൻ പറയാൻ ജനപ്രതിനിധികൾ എന്ന നിലയ്ക്ക് സാധിക്കില്ലെന്നും റഹീം പറഞ്ഞു. മേപ്പയിൽ ഗ്രൂപ്പിന്റെ പരിപാടിക്ക് തങ്ങൾ രണ്ടുപേരും എത്തിയതുപോലെ ക്ഷണം സ്വീകരിച്ചാകാം അബ്ദുൾ ലെയ്സുമെത്തിയത്. അല്ലാതെ അബ്ദുൾ ലെയ്സിന്റെ ക്ഷണം സ്വീകരിച്ചല്ല തങ്ങൾ അവിടെ എത്തിയതെന്നും റഹീം പറഞ്ഞു. കൊടുള്ളിയിലെ പൊതുപ്രവർത്തകൻ എന്ന നിലയിൽ തനിക്ക് അബ്ദുൾ ലെയ്സിനെ പരിചയമുണ്ട്. എന്നാൽ അബ്ദുൾ ലെയ്സിന്റെ മറ്റു ബിസിനസ് ഇടപാടുകളുമായി തനിക്കൊരു ബന്ധവുമില്ലെന്നും റഹീം പറഞ്ഞു.
ഒരു പരിപാടിയുടെ ക്ഷണം സ്വീകരിച്ച് വിദേശത്തെത്തുന്പോൾ അവിടെ ആരൊക്കെയുണ്ടെന്ന് ശ്രദ്ധിക്കാറില്ല. ഉദ്ഘാടനത്തിന് ക്ഷണിച്ചാൽ ചടങ്ങുകൾക്കുശേഷം വേദി വിടാറാണ് പതിവെന്നും ആരെങ്കിലും ഫോട്ടൊയെടുക്കണമെന്ന് ആവശ്യപ്പെട്ടാൽ തിരസ്ക്കരിക്കാറില്ലെന്നും റഹീം പറഞ്ഞു.
അതേസമയം, ജനജാഗ്രതാ യാത്രയ്ക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണത്തിൽ മറ്റൊരു സ്വർണക്കടത്ത് കേസിലെ പ്രതിയായ ഫൈസൽ കാരാട്ടിന്റെ ആഢംബര കാർ ഉപയോഗിച്ചത് ന്യായീകരിക്കാൻ സിപിഎം പൊടാപ്പാട് പെടുന്പോഴാണ് അടുത്ത വിവാദം പൊട്ടിപ്പുറപ്പെട്ടതെന്നത് സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുകയാണ്.
ജനജാഗ്രതാ യാത്രയ്ക്ക് ആഢംബർ കാർ ഉപയോഗിച്ചത് പ്രാദേശിക പാർട്ടി ഘടകത്തിന്റെ തലയിൽ ചാർത്തി ജില്ലാ നേതൃത്വം നേരത്തെ കൈയൊഴിഞ്ഞിരുന്നു. വാഹനം ഏർപ്പാടാക്കുന്പോൾ കൊടുവള്ളി സംഘാടകസമിതി ജാഗ്രത കാണിച്ചില്ലെന്നുമായിരുന്നു ജില്ലാ കമ്മിറ്റി യോഗത്തിന്റെ വിലയിരുത്തൽ.
കൂടുതൽ തെളിവുകൾ അന്വേഷിച്ച് ബിജെപി
കോഴിക്കോട്: സ്വർണകള്ളക്കടത്തുകേസുകളിലെ പ്രതികളുടെ ചരിത്രം പൊടി തട്ടിയെടുത്ത് രാഷ്ട്രീയ ആയുധമാക്കാൻ ബിജെപി. കഴിഞ്ഞ ദിവസം ഇടതു എംഎൽഎമാർ പ്രതിക്കൊപ്പം നിൽക്കുന്ന ഫോട്ടോ ബിജെപി നേതാക്കളാണ് പുറത്തുവിട്ടത്.
ജനജാഗ്രതായാത്രയ്ക്കിടെ കോടിയേരി ബാലകൃഷ്ണൻ സ്വർണക്കടത്ത് പ്രതിയുടെ വാഹനത്തിൽ യാത്ര ചെയ്തതോടെ കൊടുവള്ളിയിലെ ഹവാല സ്വർണക്കടത്ത് മാഫിയകളും ചർച്ചയാകുകയാണ്. ടിപി കേസിൽ അറസ്റ്റിലായിരുന്ന ഇപ്പോഴത്തെ സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനനെ സന്ദർശിക്കാൻ സ്വർണക്കടത്ത് കേസ് പ്രതി ഫയാസ് ജയിലിലെത്തിയത് വലിയ വിവാദമായിരുന്നു.
കാരാട്ട് ഫൈസൽ നേരത്തെ ലീഗ് നേതാക്കൾക്കൊപ്പം വേദി പങ്കിട്ടത് ഇപ്പോഴത്തെ വിവാദങ്ങളെ നേരിടാൻ സിപിഎമ്മും ഉയർത്തിക്കാട്ടുന്നു. ഇരുമുന്നണികളും ഒരേ പോലെ പ്രതിരോധത്തിലാകുമെന്നതിനാൽ പരാതികളിൽ അന്വേഷണങ്ങൾ നടക്കാറില്ല.
നിലവിൽ സേഫ് സോണിലുള്ള ബിജെപി ഈ വിഷയങ്ങൾ അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തിയായി ഉയർത്തും. രാഷ്ട്രീയ നേട്ടത്തിനപ്പുറം കൊലപാതകികളുമായും ക്രിമിനലുകളുമായും സിപിഎമ്മിനുള്ള ബന്ധം ഉയർത്തിക്കാട്ടാനാണ് ശ്രമം.
അതേസമയം നേരത്തെ തയാറാക്കിയ വാഹനം കേടുവന്നതുമൂലമാണ് കോടിയേരിയുടെ യാത്ര കേസിലെ പ്രതിയുടെ ആഢംബര കാറിലാക്കിയതെന്ന വാദവും പൊളിഞ്ഞു. കോടിയേരിയെ കയറ്റാൻ വന്ന ജീപ്പ് സംഘാടകർ പറഞ്ഞുവിടുകയായിരുന്നുവെന്ന് വ്യക്തമായി. കൊടുവള്ളിയിൽ വേറെ സെറ്റപ്പ് ഉണ്ടെന്നായിരുന്നു ജീപ്പ് ഡ്രൈവറോട് സംഘാടകർ പറഞ്ഞത്.