കൽപ്പറ്റ: കാലിക്കട്ട് യൂണിവേഴ്സിറ്റി സെനറ്റിലേക്ക് നടന്ന ജനപ്രതിനിധികളുടെ തെരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വൻവിജയം ജില്ലയിൽ സിപിഎമ്മിന്റെ പുതിയ നേതൃത്വത്തിനെതിരായി ഉരുത്തിരിഞ്ഞ് വരുന്ന രാഷ്ട്രീയധ്രുവീകരണത്തിന്റെ ഭാഗമാണെന്ന് മുസ്്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.പി.എ. കരീം.
മുട്ടിൽ പഞ്ചായത്തിൽ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടതും പടിഞ്ഞാറത്തറയിൽ സ്വന്തം അംഗം പ്രസിഡന്റിനെതിരായി അവിശ്വാസത്തിന് നോട്ടീസ് നൽകിയതും ജില്ലാ നേതൃത്വത്തോടുള്ള അസംതൃപ്തിയുടെ ഭാഗമാണ്. ഇതിന്റെ തുടർച്ചയാണ് സെനറ്റ് തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ പരാജയവും.
എൽഡിഎഫിന് സ്വന്തമായി 227 വോട്ടുകൾ കിട്ടേണ്ട സ്ഥാനത്ത് 207 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. 196 വോട്ടുകൾ കിട്ടേണ്ട സ്ഥാനത്ത് 209 വോട്ടുകൾ യുഡിഎഫിന് ലഭിക്കുകയും ചെയ്തു. ബിജെപിയുടെ വോട്ടുകൾ അവർക്ക് തന്നെയാണ് ലഭിച്ച്. യുഡിഎഫ് സ്ഥാനാർഥിയുടെ പൊതുസ്വീകാര്യത കണക്കിലെടുത്ത് സിപിഎമ്മിന്റെ പതിമൂന്ന് ജനപ്രതിനിധികൾ യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമായി വോട്ട് നൽകുകയും ഏഴ് പേർ മനപൂർവം വോട്ട് അസാധുവാക്കിയതുമാണ് എൽഡിഎഫ് തോൽവിയുടെ യഥാർത്ഥ കാരണം.
ബിജെപി അഗംങ്ങൾ അവരുടെ രണ്ടാം വോട്ട് യുഡിഎഫിന് നൽകി എന്ന സിപിഎം ജില്ലാകമ്മിറ്റിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണ്. സ്ഥാനാർത്ഥികൾക്ക് തുല്യവോട്ടുകൾ ലഭിക്കുന്പോൾ മാത്രമാണ് രണ്ടാംവോട്ട് പരിഗണിക്കാറുള്ളത്.
ഒന്നാം വോട്ടിൽ തന്നെ യുഡിഎഫ് സ്ഥാനാർത്ഥി കൂടുതൽ വോട്ടുകൾ നേടി വിജയമുറപ്പിച്ചതാണ്. പരാജയത്തിന്റെ യഥാർത്ഥ കാരണം മറച്ചുവെച്ച് യുഡിഎഫ് – ബിജെപി രഹസ്യ ധാരണ എന്ന സ്ഥിരം പല്ലവി രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തതാണ്. ഇനിയും ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിൽ ഇത്തരത്തിലുള്ള ഭരണമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.