സ്വന്തം ലേഖകൻ
തൃശൂർ: ബികോം അഞ്ചാം സെമസ്റ്ററിനു പഠിക്കുന്ന വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷാഫലമെത്തിയതു കഴിഞ്ഞയാഴ്ച. റിസൾട്ട് വന്നപ്പോൾ ഇംഗ്ലീഷ് പരീക്ഷയിൽ കൂട്ടത്തോൽവി. കാലിക്കട്ട് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ സന്പ്രദായത്തിൽ രജിസ്റ്റർ ചെയ്ത ബികോം വിദ്യാർഥികളാണ് ഇപ്പോൾ വെട്ടിലായിരിക്കുന്നത്.
തൃശൂരിലെ ചില സെന്ററുകളിൽ പരീക്ഷയെഴുതിയ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ റീഡിംഗ് ഓണ് കണ്ടംപററി കൾച്ചർ എന്ന ഇംഗ്ലീഷ് പേപ്പറിലാണ് കൂട്ടത്തോൽവിയുണ്ടായിട്ടുള്ളത്. ഭൂരിപക്ഷം വിദ്യാർഥികൾക്കും ഒറ്റയക്ക മാർക്കു നല്കിയാണ് യൂണിവേഴ്സിറ്റിയുടെ ഇരുട്ടടി. മറ്റു ജില്ലകളിലും അതേ അവസ്ഥാവിശേഷമുണ്ട്. ഇപ്പോൾ അഞ്ചാം സെമസ്റ്റർ ബികോം പഠിക്കുന്ന ഈ വിദ്യാർഥികൾക്കു മറ്റു വിഷയങ്ങൾക്കു മികച്ച മാർക്കുമുണ്ട്.
ഈ പരീക്ഷയിൽ പരാജയപ്പെട്ടവർക്ക് ഇനി പരീക്ഷയെഴുതാൻ സാധിക്കുക ഇപ്പോൾ രണ്ടാംവർഷം പഠിക്കുന്ന വിദ്യാർഥികളുടെ റഗുലർ പരീക്ഷയ്ക്കൊപ്പമാണ്. അതിന്റെ ഫലം വരുവാൻ കുറഞ്ഞത് ഒരുവർഷമെങ്കിലുമെടുക്കും. പരീക്ഷാഫലം വൈകിയാൽ തുടർവിദ്യാഭ്യാസത്തിന് ഒന്നുമുതൽ രണ്ടുവർഷം വരെ നഷ്ടപ്പെടാനും സാധ്യതയുണ്ട്.
ശരാശരി നിലവാരമുള്ള വിദ്യാർഥികൾക്കുപോലും ഇരുപതിൽ കുറയാത്ത മാർക്ക് ലഭിക്കാറുള്ള ഇംഗ്ലീഷ് പേപ്പറിലാണ് ഇത്തവണ കൂട്ടത്തോൽവിയുണ്ടായിട്ടുള്ളത്. വിദ്യാർഥികൾ നേരിട്ടും കോളജ് അധികൃതർ മുഖാന്തിരവും പരീക്ഷാഭവൻ അധികൃതർക്കു പരാതി നല്കിയിട്ടുണ്ട്.
മൂല്യനിർണയത്തിലെ പിഴവു തന്നെയാണ് ഭൂരിപക്ഷം പേരുടെയും കൂട്ടത്തോൽവിക്ക് ഇടയാക്കിയതെന്നു അധ്യാപകരിൽ ചിലരും അഭിപ്രായപ്പെടുന്നു. ഇനി പുനർമൂല്യനിർണയത്തിനു അപേക്ഷിച്ചാൽതന്നെ യൂണിവേഴ്സിറ്റി കാലിക്കട്ട് ആയതിനാൽ ഫലം മാറിവരാൻ സാധ്യതയില്ലെന്നു വിദ്യാർഥികളും പറയുന്നു.
വിദൂര വിദ്യാഭ്യാസ വിദ്യാർഥികളോടുള്ള സ്ഥിരം അവഗണനയ്ക്കു പുറമെയാണ് ഇപ്പോഴുണ്ടായിട്ടുള്ള മൂല്യനിർണയ പിഴവും കൂട്ടത്തോൽവിയും എന്നു വിദ്യാർഥികൾ കൂട്ടിച്ചേർക്കുന്നു. പുനർമൂല്യ നിർണയത്തിന് ഒരു പേപ്പറിന് 750 രൂപയാണ് ഫീസ്. ഉറപ്പില്ലാത്ത കാര്യത്തിനു ഫീസടയ്ക്കണമോ, അതോ തുടർപഠനത്തിന് ഒരു വർഷം നഷ്ടപ്പെടുത്തണോ എന്നറിയാതെ വട്ടംകറങ്ങുകയാണ് വിദ്യാർഥികൾ.