സാൻ ഫ്രാൻസിസ്കോ: കലിഫോര്‍ണിയയിൽ പടരുന്ന കാട്ടുതീയില്‍ മൂന്നു പേര് മരിച്ചു. വീടുകള്‍ ഉള്‍പ്പടെ ആയിരത്തോളം കെട്ടിടങ്ങള്‍ തീയില്‍ കത്തിച്ചാമ്പലായി. മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ ഈ വര്‍ഷം കലിഫോര്‍ണിയയില്‍ തീപിടുത്തതില്‍ മരിച്ചവരുടെ എണ്ണം 11 ആയി.
വടക്കന്‍ കലിഫോര്‍ണിയയില്‍ കാട്ടുതീ മൂന്ന് ആഴ്ചയായി പടരുകയാണ്. കനത്ത കാറ്റാണ് തീപടരാന് കാരണമാകുന്നത്. കാട്ടുതീയെ തുടര്‍ന്നുള്ള കനത്ത പുകയില്‍ അന്തരീക്ഷം ഓറഞ്ച് നിറമായി മാറി. ഒറോവില്ലിനടുത്തുള്ള മേഖലകളിലെ ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടു.
24 മണിക്കൂറിനുള്ളില്‍ 400 ചതുരശ്ര മൈല്‍ മേഖല തീപിടുത്തത്തില്‍ കത്തി നശിച്ചുവെന്ന് കലിഫോര്‍ണിയ സര്‍വകലാശാലയിലെ കാലാവസ്ഥാ ശാസ്ത്രഞ്ജന്‍ ഡാനിയല്‍ സ്വെയ്ന് പറഞ്ഞു. ഈ വര്‍ഷം മാത്രം 25 ദശലക്ഷം ഏക്കര്‍ പ്രദേശമാണ് കാലിഫോര്‍ണിയയില്‍ കാട്ടു തീയില്‍ കത്തി നശിച്ചത്.