കൊറോണയുടെ ലണ്ടന്‍,കെന്റ്,ദക്ഷിണാഫ്രിക്ക, ബ്രസീല്‍ വകഭേദങ്ങള്‍ ലോകത്ത് വിതച്ചു കൊണ്ടിരിക്കുന്ന ഭീതി ഇതുവരെ അവസാനിച്ചിട്ടില്ല. ഈ അവസരത്തില്‍ ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തുന്ന വാര്‍ത്തായാണ് അമേരിക്കയില്‍ നിന്ന് പുറത്തു വരുന്നത്.
ഇന്നുവരെ കണ്ടെത്തിയ കൊറോണ വകഭേദങ്ങളില്‍ ഏറ്റവും ഭീകര വകഭേദമാണ് ഇപ്പോള്‍ അമേരിക്കയില്‍ വ്യാപിക്കുന്നത്.കാലിഫോര്‍ണിയയില്‍ കണ്ടെത്തിയ, ബി 1.427/ബി. 1. 429 എന്ന വകഭേദമാണ് ഇപ്പോള്‍ ശാസ്ത്രലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്നത്.
ഈ ഇനം വൈറസ് ബാധയുണ്ടായാല്‍, മറ്റിനങ്ങള്‍ ബാധിച്ചാല്‍ ഉണ്ടാകുന്നതിനെക്കാള്‍ ഏറെ വൈറല്‍ ലോഡ് ഉണ്ടാകും എന്നാണ് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. മനുഷ്യ ശരീരത്തില്‍, ഒരു നിശ്ചിതവ്യാപ്തം സ്രവത്തില്‍ കാണപ്പെടുന്ന വൈറസിന്റെ അളവിനെയാണ് വൈറല്‍ ലോഡ് എന്നു പറയുന്നത്.
മാത്രമല്ല, ഇതിന് കെന്റ്-സൗത്ത് ആഫ്രിക്കന്‍-ബ്രസീല്‍ ഇനങ്ങളെ പോലെ തന്നെ അതിവേഗം സംക്രമിക്കുവാനുള്ള കഴിവുമുണ്ട്. ഇതിലൊക്കെ ഭയാനകമായ കാര്യം, ബാധയേറ്റയാളുടേ മരണത്തിന് മറ്റിനങ്ങള്‍ ബാധിച്ചാലുള്ളതിനേക്കാളേറെ 11 ഇരട്ടി സാധ്യതയുണ്ട് എന്നതാണ്.
2020 മെയ് മാസത്തിലാണ് ഈ ഇനം വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. എന്നാല്‍ ഒക്ടോബര്‍ വരെ അത് വ്യാപകമല്ലായിരുന്നു.അടുത്തകാലത്ത്, യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ, സാന്‍ഫ്രാന്‍സിസ്കോ, 2020 സെപ്റ്റംബറിനും 2021 ജനുവരിക്കും ഇടയിലായി ശേഖരിച്ച സാമ്പിളുകളില്‍ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് 50 ശതമാനത്തിലധികം സാമ്പിളുകളില്‍ ഈ വൈറസിന്റെ സാന്നിദ്ധ്യമുണ്ടെന്നാണ്.
ചുരുക്കത്തില്‍, കാലിഫോര്‍ണിയയില്‍ ഇപ്പോള്‍ ഏറ്റവും അധികം പകരുന്നത് ഈ ഇനത്തില്‍ പെട്ട വൈറസാണ്. മാര്‍ച്ച് മാസം അവസാനത്തോടെ കാലിഫോര്‍ണിയയിലെ കോവിഡ് രോഗികളില്‍ 90 ശതമാനം പേരിലും ഈ വൈറസിന്റെ സാന്നിദ്ധ്യമായിരിക്കും കാണാനാകുക.
മറ്റ് വകഭേദങ്ങളെ അപേക്ഷിച്ച് 19 മുതല്‍ 24 ഇരട്ടി അധിക വ്യാപനശേഷിയുള്ള ഈ ഇനത്തിന് മനുഷ്യശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതിവേഗം പെറ്റുപെരുകാനും കഴിയും. അതുകൊണ്ടുതന്നെ മറ്റിനങ്ങളേക്കാല്‍ ഇരട്ടിയിലധികം വൈറല്‍ ലോഡ് ഇത് ബാധിച്ചാല്‍ ഉണ്ടാകും.
അതിനൊപ്പം തന്നെ വൈറസിനെ നേരിടാന്‍ ശരീരം സ്വാഭാവികമായി രൂപപ്പെടുത്തുന്നതോ വാക്സിന്റെ സഹായത്താല്‍ രൂപപ്പെടുന്നതോ ആയ ആന്റിബോഡികളെ പ്രതിരോധിക്കാനും ഇതിന് കഴിവുണ്ട്. അമേരിക്കയില്‍ മരണസംഖ്യ അതിവേഗം ഉയരുകയാണ് ഇപ്പോള്‍.
അമേരിക്കയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഈ വൈറസ് എത്തിപ്പെട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന കാര്യം ഉറപ്പാണ്. എന്നാല്‍ എല്ലാ പുതിയ ഇനങ്ങളെയും നേരിടാന്‍ കഴിവുള്ള വാക്സിനാണ് ഇപ്പോള്‍ ജോണ്സന് ആന്‍ഡ് ജോണ്സന് പുറത്തിറക്കിയിരിക്കുന്നത് എന്നാണ് എഫ്ഡിഎ പുറത്തിറക്കിയ ഒരു വിശകലനക്കുറിപ്പില്‍ പറയുന്നത്.