വിചിത്ര സ്വപ്‌നം കണ്ട് യുവതി ഞെട്ടിയുണര്‍ന്നു ! ഉണര്‍ന്നപ്പോള്‍ വയറിനുള്ളില്‍ വജ്രമോതിരം; അവിശ്വസനീയമായ കാര്യത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ…

ജെന്ന ഇവാന്‍സ് എന്ന യുവതിയുടെ ജീവിതത്തില്‍ അടുത്തിടെ സംഭവിച്ച കാര്യങ്ങള്‍ അവരെത്തന്നെ അദ്ഭുതപ്പെടുത്തുകയാണ്.  കലിഫോര്‍ണിയയിലെ സാന്‍ഡിയാഗോ സ്വദേശിയായ ജെന്ന അടുത്തിടെ വിചിത്രമായൊരു സ്വപ്നം കണ്ടു. ഭര്‍ത്താവ് ബോബിക്കൊപ്പം അതിവേഗം പായുന്ന ട്രെയിനില്‍ സഞ്ചരിക്കുകയാണ്. അക്രമണകാരികളായ കുറേ യുവാക്കള്‍ ചുറ്റുമുണ്ടായിരുന്നു. വജ്രമോതിരം അവരുടെ കൈയിലകപ്പെടാതിരിക്കാന്‍ അത് വിഴുങ്ങിക്കോളൂവെന്ന് ഭര്‍ത്താവ് പറയുന്നതായാണ് ജെന്ന സ്വപ്നം കണ്ടത്.

പക്ഷേ ആ 29കാരി ഉറക്കമുണര്‍ന്നത് വിവാഹമോതിരം തന്റെ വിരലുകളില്ല എന്ന തിരിച്ചറിവോടെയാണ്. സംഭവത്തെക്കുറിച്ച് യുവതി സമൂഹമാധ്യമത്തില്‍ കുറിച്ചതിങ്ങനെ…” ബുധനാഴ്ച രാവിലെയാണ് കൈകളില്‍ മോതിരമില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അപ്പോള്‍ത്തന്നെ ഭര്‍ത്താവിനെ വിളിച്ചുണര്‍ത്തി വിവാഹമോതിരം ഞാന്‍ വിഴുങ്ങിയെന്നു പറഞ്ഞു. ഉടന്‍ തന്നെ ഭര്‍ത്താവെന്നെ ആശുപത്രിയില്‍ കൊണ്ടുപോയി. മുന്‍പ് ഉറക്കത്തില്‍ എഴുന്നേറ്റു നടക്കുന്ന ശീലം എനിക്കുണ്ടായിരുന്നു.

എന്റെ ഭൂതകാലവും ശീലങ്ങളും വിലയിരുത്തിയ ഡോക്ടര്‍ വയറിന്റെ എക്‌സറേ എടുക്കാന്‍ നിര്‍ദേശിച്ചു. എന്റെ ഊഹം ശരിയായിരുന്നു. വയറിനുള്ളില്‍ വിവാഹമോതിരം കിടക്കുന്നത് എക്‌സറേയില്‍ വ്യക്തമായിരുന്നു. വയറിനുള്ളില്‍ അത് കിടക്കുന്നതായി എനിക്കനുഭവപ്പെടുന്നുണ്ടായിരുന്നു. എനിക്ക് വല്ലാത്ത വിഷമം തോന്നി.”ജെന്നയെ എന്‍ഡോസ്‌കോപ്പിന് വിധേയയാക്കിയാണ് വയറിനുള്ളില്‍ നിന്ന് 2.4 കാരറ്റുള്ള വജ്രമോതിരം ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.

” എല്ലാം നന്നായി കലാശിച്ചു. എന്റെ കുടല്‍മാലക്കുള്ളില്‍ നിന്നാണ് അവര്‍ അത് കണ്ടെടുത്തത്. വീണ്ടെടുത്ത ആ മോതിരം അവര്‍ എന്റെ കൈയില്‍ത്തന്നില്ല. പക്ഷേ ഭര്‍ത്താവിനെ തിരികെയേല്‍പ്പിച്ചു. തന്റെ ജീവിതത്തിലുണ്ടായ അസാധാരണ അനുഭവം വിശദീകരിച്ചുകൊണ്ട് ജെന്ന ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പിനോട് ലക്ഷക്കണക്കിനാളുകളാണ് പ്രതികരിച്ചത്. 60,000 അധികം പേരാണ് ജെന്നയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

Related posts