കണമല: ലാറ്റിൻ അമേരിക്കൻ രാജ്യമായ ബൊളോവിയയിൽ നിന്നും ഇന്നലെ കണമലയിലെ പതിനഞ്ചോളം പേരുടെ മൊബൈൽ നമ്പരുകളിലേക്ക് വന്ന വിളിയിൽ ഒളിഞ്ഞിരുന്നത് പണം ചോർത്തൽ ആണെന്ന് പരാതി .
കോൾ അറ്റൻഡ് ചെയ്തപ്പോൾ പ്രതികരണമില്ലായിരുന്നു. തുടർച്ചയായി വിളി വന്നതോടെ പലരും തിരിച്ചു വിളിച്ചു. റിംഗ് ചെയ്തതല്ലാതെ പ്രതികരണം ഉണ്ടായില്ല. തുടർന്നാണ് 50 രൂപ വീതം ഓരോ വിളിക്കും നഷ്ടപ്പെടുന്നതായി അറിഞ്ഞത്.
ഈ വിവരം പരസ്പരം പലരും അറിയിച്ചതോടെയാണ് പതിനഞ്ചിൽപരം പേർക്ക് ഈ അനുഭവം ഉണ്ടായതെന്ന് അറിഞ്ഞതെന്ന് കണമലയിലെ വ്യാപാരിയായ കയ്യൂന്നുപാറ വീട്ടിൽ ഷാജി പറയുന്നു. ബിഎസ്എൻഎൽ ഉപയോക്താക്കൾക്കാണ് കോൾ വന്നത്.
11 അക്ക നമ്പറിൽ നിന്നായിരുന്നു കോൾ. അവസാനത്തെ മൂന്ന് അക്കം ആണ് വ്യത്യസ്തമായിരുന്നത്. +59160940189 എന്നീ നമ്പറിൽ നിന്നായിരുന്നു കോൾ. ചിലർക്ക് അവസാന മൂന്ന് അക്കങ്ങൾ 410, 305, 365, 081 എന്നിങ്ങനെ ആയിരുന്നു. സംഭവം സംബന്ധിച്ച് ബിഎസ്എൻഎൽ കസ്റ്റമർ സെന്ററിൽ പരാതി ആയി അറിയിച്ചിട്ടുണ്ട്.