കൊട്ടിയൂർ(കണ്ണൂർ): മാനന്തവാടി വള്ളിയൂർകാവ് ഉത്സവം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കോൾ ടാക്സി മറിഞ്ഞ് രണ്ടുപേർ മരിച്ചു. മൂന്നു പേർക്ക് പരിക്കേറ്റു. ഡ്രൈവർ ബാവലി പെരുവക സ്വദേശി രമേശ് ബാബു (38) , യാത്രക്കാരി ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ ശാന്ത എന്നിവരാണ് മരണമടഞ്ഞത്.
ആറളംഫാം പതിനൊന്നാം ബ്ലോക്കിലെ രാജു (45), സീത (31), അപർണ (14) എന്നിവർക്കാണ് പരിക്ക്. ഇന്നു രാവിലെ ഏഴിന് കൊട്ടിയൂർ – ബോയ്സ് ടൗൺ ചുരം റോഡിലെ ആശ്രമം ജംഗ്ഷന് സമീപമായിരുന്നു അപകടം. കോൾടാക്സിയിൽ ഡ്രൈവർ ഉൾപ്പെടെ ആറുപേരാണ് ഉണ്ടായിരുന്നത്. ഒരാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഉത്സവം കഴിഞ്ഞ് ആറളം ഫാമിലേക്ക് വരുന്നതിനിടെ ആശ്രമം ജംഗ്ഷന് സമീപത്തെ ഫോറസ്റ്റ് ക്വാർട്ടേഴ്സിന്റെ മുമ്പിലെ വളവിൽ നിയന്ത്രണം വിട്ട കോൾടാക്സി താഴ്ചയിലേക്ക് മറിയുകയായിരുന്നു. താഴത്തെ റോഡിലേക്കു പതിച്ച വാഹനത്തിൽ കുടുങ്ങിയവരെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹങ്ങൾ മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.