ന്യൂഡൽഹി: കോവിഡ്-19 വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ബോധവത്കരണവുമായി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഡയല് ടോണിന് പകരം കൊറോണ വൈറസ് ബോധവല്‍ക്കരണ സന്ദേശം കേള്‍പ്പിക്കുകയാണ് വിവിധ ടെലികോം സേവന ദാതാക്കള്‍.
കൊറോണയെ നേരിടുന്നതിന് ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന നിർദേശങ്ങളാണ് കോൾ കണക്ട് ചെയ്യുന്നതിന് തൊട്ടു മുമ്പ് കേൾക്കുന്നത്. ഒരു ചുമയോടുകൂടിയാണ് ഈ ശബ്ദസന്ദേശം ആരംഭിക്കുന്നത്.
“ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടോ, ടിഷ്യൂ കൊണ്ടോ മൂക്കും വായും പൊത്തിപ്പിടിക്കുക, കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
അനാവശ്യമായി കണ്ണിലും മൂക്കിലും വായിലും സ്പർശിക്കരുത്. ചുമ, തുമ്മൽ എന്നിവ ഉള്ളവരിൽ നിന്ന് ഒരു മീറ്റർ അകലം പാലിക്കുക’ തുടങ്ങിയവയാണ് സന്ദേശത്തിൽ പറയുന്നത്.