കോഴിക്കോട്: പോലീസിനുള്ളിലെ വിവരങ്ങള്‍ പരസ്യമാകുന്നത് തടയാന്‍ മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നു. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലാണ് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ കോള്‍ നിരീക്ഷിക്കുന്നത്.
അടുത്തിടെയുണ്ടായ കേസുകളുടെ വിവരങ്ങളും സാട്ടാ നിര്‍ദേശങ്ങളും പത്രവാര്ത്തകളായതിനെത്തുടര്ന്നാണ് മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍കോളുകള്‍ നിരീക്ഷിക്കാന്‍ തീരുമാനിച്ചത്.
ഇതിനായി ഓരോ പോലീസുകാരേയും ചുമതലപ്പെടുത്തി. രാവിലെ നടക്കുന്ന സാട്ടാ (പ്രതിദിന വിവര ശേഖരങ്ങള്‍ ) വിവരങ്ങളും നിര്‍ദേശങ്ങളും മാധ്യമങ്ങളില്‍ വാര്‍ത്തകളായി മാറുന്നുണ്ട്.
ഈ സംഭവം പോലീസിന്റെ വിശ്വാസ്യതയ്ക്കും അച്ചടക്കത്തിനും കളങ്കമായി മാറുന്നുണ്ടെന്നാണ് ഉന്നത പാലീസുദ്യോഗസ്ഥരുടെ വിലയിരുത്തല്‍ .
പോലീസുകാര്‍ക്ക് നല്കുന്ന ചുമതലകള്‍ അമിതഭാരമായി മാറുന്നുവെന്ന ആരോപണവും സേനയ്ക്കുള്ളില്‍ നിന്നും ഉയര്‍ന്നിരുന്നു. ഇതും പിന്നീട് പരസ്യമായി. അച്ചടക്ക സേനയായ പോലീസിന്റെ ആഭ്യന്തരകാര്യങ്ങള്‍ വരെ പരസ്യമാവുന്നത് ഇനി ആവര്‍ത്തിക്കാതിരിക്കാനാണ് വിവരം ചോര്ത്തുന്നവരെ കണ്ടെത്തുന്നത്.
വിവരങ്ങള്‍ ചോരുന്നത് സംബന്ധിച്ച് ഉന്നത പോലീസ് ഉദ്യോഗസ്ഥന് അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. സാട്ടാ വിവരങ്ങള്‍ മൊബൈലില്‍ റിക്കാര്‍ഡ് ചെയ്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് വാട്സ് ആപ്പ് വഴി അയച്ചു നല്‍കുന്നുണ്ടെന്ന് വരെ ആരോപിച്ചിട്ടുണ്ട്.
ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പോലീസും മാധ്യമപ്രവര്‍ത്തകരും തമ്മിലുള്ള ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയത്.
ആഴ്ചകള്‍ക്ക് മുമ്പ് കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് ഉന്നതപോലീസുദ്യോഗസ്ഥന്റെ ഇടപടലിനെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു.
കൂടത്തായ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിക്കാനിരിക്കെ ഐപിഎസ് ഉദ്യോഗസ്ഥനെ കുറിച്ചുള്ള വാര്‍ത്തകള്‍ ഏറെ വിവാദമായി മാറി.
ആഭ്യന്തരവകുപ്പിന് തന്നെ കളങ്കമായി മാറുന്ന സംഭവം വാര്ത്തയായതിനെക്കുറിച്ച് പോലീസിനുള്ളിലും ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യങ്ങളെല്ലാം നിലനില്‍ക്കെയാണ് മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ നിരീക്ഷിക്കുന്നത്.