കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ പോത്ത് കമാൻഡോ കോട്ടയത്ത്. തെള്ളകം ചൈതന്യയിൽ നടക്കുന്ന കെഎസ്എസ്എസ് അഗ്രിഫെസ്റ്റിനോടും സ്വാശ്രയ സംഘ മഹോത്സവത്തോടും അനുബന്ധിച്ചാണ് പ്രദർശനത്തിനായി കമാൻഡോയെ എത്തിച്ചിരിക്കുന്നത്.
മുറ ഇനത്തിൽപ്പെട്ട ഏഴു വയസുള്ള കമാൻഡോയ്ക്കു രണ്ടു ടണ്ണാണ് തൂക്കം. അറുപതിൽപരം ബുൾ മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. 2017 ലെ ദേശീയ ചാന്പ്യനുമാണ്.
ഇന്ത്യയിൽ ഇത്രയും തൂക്കമുള്ള വേറെ മൂന്നു പോത്തുകൾ മാത്രമാണുള്ളതെന്നും ഭാരത്തിലും ഉയരത്തിലും ലോകത്തെ ഏറ്റവും മികച്ച 10 പോത്തുകളിൽ ഒന്നാണ് കമാൻഡോയെന്നും ഉടമ പറവൂർ സ്വദേശി ബിനു പറയുന്നു.
ദിവസവും എട്ടു കിലോ തീറ്റയാണ് നൽകുന്നത്. ക്രമമായ ഭക്ഷണവും ചിട്ടയായ വ്യായാമവുമാണ് കമാൻഡോയുടെ ആരോഗ്യരഹസ്യം. പറവൂരിൽ സ്വന്തമായി പോത്ത് ഫാമുളള ബിനു മികച്ചയിനം പോത്തുക്കളെ വിൽക്കുന്നുമുണ്ട്.