തൊടുപുഴ: അതിർത്തി നിർണയവുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും തമ്മിലുള്ള തർക്കം നിലനിൽക്കുന്നതിനിടെ കന്പംമെട്ട് ചെക്പോസ്റ്റിനു നിരീക്ഷണ കാമറ സ്ഥാപിച്ച് തമിഴ്നാടിന്റെ പുതിയ നീക്കം. കഴിഞ്ഞദിവസമാണു തമിഴ്നാട് വനം, പോലീസ് വകുപ്പുകൾ ചേർന്നു വനം വകുപ്പിന്റെ ചെക്പോസ്റ്റിനോടു ചേർന്നു നിരീക്ഷണ കാമറ സ്ഥാപിച്ചത്.
ലഹരി ഉൽപ്പന്നങ്ങൾ കടത്തുന്നവരെ കണ്ടെത്താൻ കാമറ സ്ഥാപിച്ചതെന്നാണു തമിഴ്നാട് വനം വകുപ്പിന്റെ വിശദീകരണം. എന്നാൽ അതിർത്തിയിൽ കേരളത്തിന്റെ നീക്കം അറിയാനാണ് കാമറ സ്ഥാപിച്ചതെന്ന് സൂചനയുണ്ട്. 24 മണിക്കൂറും കാമറദൃശ്യങ്ങൾ നിരീക്ഷിക്കാൻ വനംവകുപ്പ് ഓഫിസിനുള്ളിൽ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബോഡിമെട്ട് ചെക്പോസ്റ്റിലും അതിർത്തി വനപ്രദേശങ്ങളിലും കാമറ സ്ഥാപിക്കാനും തമിഴ്നാട് വനംവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.
തേനി കൊരങ്ങിണി അപകടത്തിന്റെ പശ്ചാത്തലത്തിലാണു വനമേഖലകളിൽ കാമറ സ്ഥാപിക്കാൻ തീരുമാനിച്ചത്. വനത്തിലേക്കു അനുമതിയില്ലാതെ വിനോദസഞ്ചാരികൾ കടന്നുകയറുന്നതു തടയുകയാണു ലക്ഷ്യം. കന്പംമെട്ടിൽ തമിഴ്നാട് വനംവകുപ്പ്, പോലീസ് വകുപ്പുകൾ സമീപകാലത്ത് അതിർത്തി തർക്കത്തെ തുടർന്ന് പരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിരുന്നു.
തമിഴ്നാട് അടിവാരത്തു പ്രവർത്തിച്ചിരുന്ന പോലീസ് എയ്ഡ് പോസ്റ്റ് കന്പംമെട്ടിലേക്കു മാറ്റി സ്ഥാപിച്ചാണ് ഇപ്പോൾ വാഹനപരിശോധന നടത്തുന്നത്. തമിഴ്നാട്ടിൽനിന്നു കേരളത്തിലേക്കും, കേരളത്തിൽനിന്നു തമിഴ്നാട്ടിലേക്കും പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. തമിഴ്നാട് വനപ്രദേശത്ത് ചുറ്റിക്കറങ്ങുന്നവരെയും വനം വകുപ്പ് കൈയോടെ പിടികൂടും.
ഒരു വർഷം മുൻപാണു കന്പംമെട്ടിൽ എക്സൈസ് മൊഡ്യൂൾ കണ്ടെയ്നർ ചെക്പോസ്റ്റ് സ്ഥാപിച്ചതോടെയാണ് ഇരുസംസ്ഥാനങ്ങളും തമ്മിൽ തർക്കം രൂക്ഷമായത്. പിന്നീട് മൊഡ്യൂൾ കണ്ടെയ്നർ സ്ഥലത്തുനിന്നു നീക്കം ചെയ്തിരുന്നു. ഇതിനുശേഷമാണു തമിഴ്നാട് വനംവകുപ്പ്, പോലീസ് വകുപ്പുകൾ അതിർത്തിയിൽ സാന്നിധ്യം ശക്തമാക്കിയത്.