ഓഹരി അവലോകനം / സോണിയ ഭാനു
കേന്ദ്രബാങ്ക് പലിശനിരക്കിൽ വരുത്തിയ ഭേദഗതി ഓഹരിവിപണി ആഘോഷമാക്കി. പ്രതീക്ഷിച്ചപോലെതന്നെ വിദേശഫണ്ടുകൾ വില്പന ചുരുക്കി വാങ്ങലുകാരായത് പ്രാദേശിക നിക്ഷേപകരെ വരുംദിനങ്ങളിൽ വിപണിയിലേക്ക് അടുപ്പിക്കാം. തുടർച്ചയായ രണ്ടാം വാരവും തിളങ്ങിയ സെൻസെക്സും നിഫ്റ്റിയും പക്ഷേ, സാങ്കേതികമായി ഒരു തിരുത്തലിനുള്ള തയാറെടുപ്പിലാണ്. പോയവാരം ബോംബെ സൂചിക 216 പോയിന്റും നിഫ്റ്റി 71 പോയിന്റും നേട്ടത്തിലാണ്, രണ്ടാഴ്ചകളിൽ ഇവ യഥാക്രമം 518 പോയിന്റും 162 പോയിന്റും മുന്നേറി.
നീണ്ട ഇടവേളയ്ക്കു ശേഷം ആർബിഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 6.25 ശതമാനമാക്കി. 2015 ജനുവരിക്കു ശേഷം ആദ്യമായാണ് കേന്ദ്രബാങ്ക് ഇത്തരത്തിൽ ഒരു നീക്കം നടത്തുന്നത്.
അനുകൂല വാർത്തകളുടെ ചുവടുപിടിച്ച് വിദേശ ഓപ്പറേറ്റർമാർ 1367.22 കോടി രൂപയുടെ നിക്ഷേപത്തിന് പിന്നിട്ടവാരം ഉത്സാഹിച്ചു. ഏതാനും മാസങ്ങളായി വില്പനയിൽ മാത്രം ശ്രദ്ധയൂന്നിയിരുന്ന വിദേശ ഫണ്ടുകളുടെ തിരിച്ചുവരവ് പ്രതീക്ഷ പകരുന്നു. അവർ രണ്ടു മാസത്തിനിടെ 15,600 കോടി രൂപയുടെ നിക്ഷേപമാണ് തിരിച്ചുപിടിച്ചത്.
മുൻവാരം ഇതേ കോളത്തിൽ വ്യക്തമാക്കിയതാണ് വിദേശ ഫണ്ടുകൾ വില്പനയിൽനിന്ന് പിന്തിരിഞ്ഞ് നിക്ഷേപകരായി മാറാൻ നീക്കം നടത്തുമെന്ന കാര്യം. ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ കുറവ് വിദേശഫണ്ടുകളെ ഇന്ത്യൻ മാർക്കറ്റിലേക്ക് ശ്രദ്ധതിരിക്കാൻ പ്രേരിപ്പിച്ചു. ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ കഴിഞ്ഞവാരം 2131.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഫോറെക്സ് മാർക്കറ്റിൽ രൂപയുടെ മൂല്യത്തിൽ വൻ ചാഞ്ചാട്ടം. 66.99 ൽ ഇടപാടുകൾക്കു തുടക്കംകുറിച്ച രൂപ ഒരവസരത്തിൽ 67.78 വരെ ദുർബലമായ ശേഷം ക്ലോസിംഗിൽ 67.51ലാണ്. കാലവർഷം അനുകൂലമായത് നിക്ഷേപസാഹചര്യം കൂടുതൽ ശക്തമാക്കാം. ഏപ്രിൽ-മേയ് കാലയളവിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 24,479 കോടി രൂപയുടെ നിക്ഷേപം നടത്തി. ഏപ്രിലിൽ 12,409 കോടി രൂപയുടെയും മേയിൽ 12,070 കോടി രൂപയുടെയും നിക്ഷേപം നടന്നു.
ബോംബെ സെൻസെക്സ് 34,784-35,628 പോയിന്റ് റേഞ്ചിൽ ചാഞ്ചാടിയ ശേഷം വാരാന്ത്യം 35,443 പോയിന്റിലാണ്. ഇന്ന് ഇടപാടുകളുടെ തുടക്കത്തിൽ ആദ്യതടസം 35,490 പോയിന്റിലാണ്. ഇതു മറികടന്നാൽ 35,786-36,129നെ ലക്ഷ്യമാക്കി സെൻസെക്സ് സഞ്ചരിക്കാം. എന്നാൽ, ആദ്യതടസത്തിൽ തന്നെ കാലിടറിയാൽ 34,942ൽ പിടിച്ചുനിൽക്കാൻ ശ്രമം നടക്കും. ഇതും നിലനിർത്താനായില്ലെങ്കിൽ സൂചിക 34,441-34,098 റേഞ്ചിലേക്ക് സാങ്കേതിക പരീക്ഷണങ്ങൾക്കു മുതിരാം.
വിപണിയുടെ മറ്റു സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സെൻസെക്സിന്റെ ഡെയ്ലി ചാർട്ടിൽ പാരാബോളിക് എസ്എആർ, എംഎസിഡി എന്നിവ ബുള്ളിഷാണ്. എന്നാൽ സൂപ്പർ ട്രെൻഡ്, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ 14, ഫാസ്റ്റ് സ്റ്റോക്കാസ്റ്റിക്, സ്ലോ സ്റ്റോക്കാസ്റ്റിക് തുടങ്ങിയവ ഓവർ ബോട്ടായതിനാൽ തിരുത്തലിനു സാധ്യത കാണുന്നു.
നിഫ്റ്റി 10,550 വരെ താഴ്ന്ന ശേഷമുള്ള തിരിച്ചുവരവിൽ 10,818 വരെ കയറി. മാർക്കറ്റ് ക്ലോസിംഗ് നടക്കുന്പോൾ 10,767 പോയിന്റിൽ നിലകൊള്ളുന്ന നിഫ്റ്റിക്ക് ഈ വാരം 10,873ൽ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ 10,978-11,141നെ ലക്ഷ്യമാക്കി മാസാവസാനം സൂചിക ചുവടു വയ്ക്കാം. എന്നാൽ, തിരിച്ചടിക്കു നീക്കം നടന്നാൽ 10,605ൽ സപ്പോർട്ടുണ്ട്. ഇതു നിലനിർത്താൻ നിഫ്റ്റി ക്ലേശിച്ചാൽ 10,443-10,337 വരെ തളരാം.
ഏഷ്യൻ മാർക്കറ്റുകൾ എല്ലാം തന്നെ വാരാന്ത്യം വില്പനക്കാരുടെ നിയന്ത്രണത്തിലേക്കു തിരിഞ്ഞു. കാനഡയിൽ നടന്ന ജി-7 രാഷ്ട്രങ്ങളുടെ ഒത്തുചേരൽ ആശങ്കയോടെയായിരുന്നു ഒരു വിഭാഗം വീക്ഷിച്ചത്. യൂറോപ്യൻ ഓഹരി സൂചികകൾ പലതും ഇതുമൂലം തളർന്നു. ഒരു ശതമാനം നേട്ടവുമായി അമേരിക്കൻ മാർക്കറ്റുകൾ മികവ് കാണിച്ചു. ഡൗ ജോണ്, നാസ്ഡാക്ക് എസ് ആൻഡ് പി സൂചികകൾ മുന്നേറി.
ഈ വാരം യൂറോപ്യൻ കേന്ദ്ര ബാങ്കും യുഎസ് ഫെഡ് റിസർവും വ്യത്യസ്ത യോഗം ചേരുന്നുണ്ട്. പലിശ സംബന്ധിച്ച പുതിയ വാർത്തകൾ ലോകവിപണിയിൽ വൻ ചാഞ്ചാട്ടങ്ങൾക്ക് ഇടയാക്കാം. അമേരിക്ക പലിശനിരക്ക് ഉയർത്തിയാൽ വിദേശ ഫണ്ടുകൾ ഇന്ത്യയിൽ വില്പനസമ്മർദം സൃഷ്ടിക്കാനിടയുണ്ട്.