കണ്ണൂർ: വധുവിന്റെ വീട്ടിലേക്ക് വരൻ ഒട്ടകത്തിലെത്തിയത് സംഘർഷത്തിൽ കലാശിച്ചു. കണ്ണൂർ വാരത്താണു സംഭവം. വളപട്ടണം സ്വദേശിയായ വരനാണ് ഒട്ടകപ്പുറത്ത് വാരത്തുള്ള വധുവിന്റെ വീട്ടിലേക്ക് എത്തിയത്.
ഒട്ടകപ്പുറത്തുള്ള വരന്റെയും ഒപ്പമുള്ള കൂട്ടുകാരുടെയും ആഘോഷ യാത്ര കണ്ണൂർ-മട്ടന്നൂർ റൂട്ടിൽ ഗതാഗതക്കുരുക്കിനിടയാക്കി. വാഹനങ്ങൾ ഒരു മണിക്കൂറോളം റോഡിൽ കുടുങ്ങിക്കിടന്നു.
ഒട്ടകപ്പുറത്തുള്ള വരനെ താഴയിറങ്ങിയാൽ മാത്രമേ വധുവിന്റെ വീട്ടിലേക്ക് പ്രവേശിപ്പിക്കുവെന്ന് വധുവിന്റെ ബന്ധുക്കൾ പറഞ്ഞത് വരന്റെ സുഹൃത്തുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിലുള്ള വാക്കേറ്റത്തിലും സംഘർഷത്തിലും കലാശിച്ചു.
ഇതിനിടയിൽ, വരന്റെ ആഘോഷ യാത്രയ്ക്കിടെ സുഹൃത്തുക്കൾ പടക്കം പൊട്ടിച്ചപ്പോൾ ചിലർക്ക് പരിക്കേൽക്കുകയും ചെയ്തു.ചക്കരക്കല്ല് പോലീസ് സംഭവസ്ഥലത്ത് എത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. എന്നാൽ, ആർക്കെതിരേയും കേസെടുത്തിട്ടില്ല.
നേരത്തെ കണ്ണൂരിലുണ്ടായ വിവാഹ ആഭാസങ്ങളിൽ ജീവൻ നഷ്ടപ്പെട്ട സംഭവങ്ങൾവരെ ഉണ്ടായിരുന്നു. ഇതിനെതിരേ ശക്തമായ നടപടികൾ ഉണ്ടായതോടെ വിവാഹ ആഭാസങ്ങൾക്ക് അറുതിയായിരുന്നു.ഇതിനിടയിലാണ് വാരത്ത് വീണ്ടും ഇത്തരം സംഭവമുണ്ടായത്.