സൗദിയിൽ ആരംഭിച്ച ഒട്ടകങ്ങളുടെ സൗന്ദര്യമത്സരത്തിൽ പങ്കെടുക്കുന്നതിൽനിന്നു 12 ഒട്ടകങ്ങളെ വിലക്കി. ഒട്ടകങ്ങളുടെ രൂപഭംഗി കൂട്ടാനായി ബോട്ടോക്സ് എന്ന മരുന്നു പ്രയോഗിച്ചെന്നു കണ്ടെത്തിയതിനെത്തുടർന്നാണിത്. ചുളിവുകളും മറ്റും കുറയ്ക്കാൻ കഴിയുന്ന ബോട്ടോക്സ് അമിത ഡോസിൽ മാരകവിഷവസ്തുവാണ്.
റിയാദിനു സമീപം ആരംഭിച്ച 28 ദിവസത്തെ കിംഗ് അബ്ദുൾഅസീസ് കാമൽ ഫെസ്റ്റിവൽ കാണാൻ നിരവധി ടൂറിസ്റ്റുകൾ എത്തുന്നു. മൊത്തം 570 ലക്ഷം ഡോളർ സമ്മാനത്തുകയുള്ള ഫെസ്റ്റിവലായതിനാൽ തങ്ങളുടെ ഒട്ടകങ്ങളെ വിജയിപ്പിക്കാൻ ഉടമസ്ഥർ പല വിദ്യകളും പ്രയോഗിക്കാറുണ്ട്. കഴിഞ്ഞവർഷം സൗന്ദര്യമത്സരം സംബന്ധിച്ച നിർദേശങ്ങളുള്ള പ്രത്യേക ഹാൻഡ് ബുക്ക് പുറത്തിറക്കിയിരുന്നു. അതനുസരിച്ച് ഒട്ടകങ്ങൾക്കു ചായം തേക്കുന്നതും കൃത്രിമമാർഗങ്ങൾ ഉപയോഗിച്ചു രൂപമാറ്റം വരുത്തുന്നതും മരുന്നു നൽകുന്നതും വിലക്കിയിട്ടുണ്ട്.