മുക്കം: സംസ്ഥാനത്ത് ഒട്ടകത്തെ അറത്ത് ഇറച്ചിവില്പന നടത്തിയത് വിവാദത്തിൽ. കോഴിക്കോട് ജില്ലയിലെ കിഴക്കൻ മേഖലയിലെ ചുള്ളിക്കാപറമ്പ് അങ്ങാടിയിലാണ് കഴിഞ്ഞ ദിവസം ഒട്ടകയിറച്ചി വില്പന നടത്തിയത്. സമൂഹമാധ്യമങ്ങൾ വഴി വ്യാപകമായി പരസ്യം നൽകിയായിരുന്നു ഇറച്ചിക്കച്ചവടം.
ഇതോടെ ഒട്ടകത്തെ കേരളത്തിൽ അറത്ത് വില്പന നടത്താൻ സാധിക്കില്ലെന്ന് പറഞ്ഞ് ഒരു വിഭാഗം രംഗത്തെത്തിയതോടെ സംഭവം വിവാദമായി. ടൂറിസത്തിന്റെ പേരിൽ ഒട്ടകത്തെയെത്തിച്ച് ഇറച്ചി വില്പന നടന്നതെന്നാണ് ആക്ഷേപം.
കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് വ്യാപക വില്പന. കിലോയ്ക്ക് 600രൂപ മുതൽ 750രൂപവരെയാണ് വില.അതേസമയം ഒട്ടകയിറച്ചി വില്പന നടക്കുമ്പോഴും പോലീസോ ഭക്ഷ്യസുരക്ഷാ വകുപ്പോ ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലന്നാണ് വിവരം. കോഴിക്കോട് മലപ്പുറം ജില്ലകളിലെ അരീക്കോട്, കൂളിമാട്, കാവന്നൂർ, ചീക്കോട്, ചുള്ളിക്കാപറമ്പ്, എടവണ്ണപ്പാറ, എളമരം തുടങ്ങിയ ഭാഗങ്ങളിലാണ് വാട്സാപ് കൂട്ടായ്മ വഴി ഒട്ടക ഇറച്ചി വില്പന നടക്കുന്നത്. രാജസ്ഥാനിൽ നിന്നാണ് ഏജന്റുമാർ വഴി ഒട്ടകത്തെ വ്യാപകമായി എത്തിക്കുന്നത്.