നെടുങ്കണ്ടം: ഒട്ടകപ്പുറത്തു കയറാൻ ഇനി രാജസ്ഥാനിലേക്കു പോകേണ്ട, നമ്മുടെ രാമക്കൽമേട്ടിൽ ചെന്നാൽ മതി.
കുതിര സവാരിക്കൊപ്പം രാമക്കൽമേട്ടിൽ ഒട്ടക സവാരിക്കും ആവേശത്തിരക്ക്. രാജസ്ഥാനിൽനിന്ന് എത്തിച്ച സുൽത്താൻ എന്ന ഒട്ടകം ഇപ്പോൾ സഞ്ചാരികളുടെ പ്രിയ കൂട്ടുകാരനായിരിക്കുകയാണ്.
മരുഭൂമിയിൽ മാത്രം കണ്ടു വന്നിരുന്ന ഒട്ടകത്തെ നേരിൽ കാണാനും സവാരി നടത്താനും സഞ്ചാരികളുടെ തിരക്കാണ് രാമക്കൽമേട്ടിൽ.
സുൽത്താനാണ് താരം
ഏഷ്യയിൽ ഏറ്റവും വേഗത്തിൽ കാറ്റ് വീശുന്ന രാമക്കൽമേട്ടിൽ ഇപ്പോൾ സുൽത്താനാണ് താരം.
സന്യാസിയോട സ്വദേശികളായ മൂന്ന് ചെറുപ്പക്കാരുടെ നേതൃത്വത്തിലാണ് രാജസ്ഥാനിൽനിന്ന് ഒട്ടകത്തെ രാമക്കൽമേട്ടിൽ എത്തിച്ചത്.
അഭ്യസ്തവിദ്യരായ സാൽവിൻ, ജോമോൻ, ആൽഫിൻ എന്നിവർ പുതുമയുള്ള എന്തെങ്കിലും ജോലി ചെയ്യണം എന്നുള്ള ആശയത്തിൽനിന്നാണ് ഒട്ടക സവാരിയെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്.
രാജസ്ഥാനിൽനിന്നു പാലക്കാട് ഫാമിൽ എത്തിച്ച സുൽത്താൻ എന്ന ഒട്ടകത്തെ വാങ്ങി രാമക്കൽമേട്ടിൽ കൊണ്ടുവരികയായിരുന്നു.
ഒന്നേമുക്കാൽ ലക്ഷം
ഒന്നേമുക്കാൽ ലക്ഷത്തോളം രൂപ ഇവർക്കു ചെലവായി. ഇടുക്കിയിൽ ആന, കുതിര സവാരികൾ സാധാരണയാണെങ്കിലും ഒട്ടക സവാരി അത്ര പുതുമയുള്ളതല്ല.
ഒട്ടക സവാരിക്കൊപ്പം ഒട്ടകത്തിന് ഒപ്പംനിന്നു ഫോട്ടോ എടുക്കാനും ഇപ്പോൾ വലിയ തിരക്കാണ്.
മരുഭൂമിയിൽ ജീവിക്കുന്ന ഒട്ടകം ഇടുക്കിയിലെ തണുത്ത കാലാവസ്ഥയിൽ ജീവിക്കുമോ എന്നാണ് പലരുടെയും സംശയം.
കടലച്ചെടി, മുള്ള്ചെടി, പച്ചപ്പുല്ല് എന്നിവയൊക്കെയാണ് സുൽത്താന്റെ ആഹാരം. ഒറ്റത്തവണ 20 ലിറ്റർ വെള്ളം അകത്താക്കും. ഇങ്ങനെ ദിവസവും മൂന്നോ നാലോ പ്രാവശ്യം വെള്ളം കുടിക്കും.
ഇടുക്കിയിലെ തണുപ്പും കാറ്റും സുൽത്താനെ ബുദ്ധിമുട്ടുണ്ടാക്കുന്നില്ലന്നാണ് ഒട്ടകത്തെ പരിചരിക്കുന്നവർ പറയുന്നത്.