തിരുവനന്തപുരം: റോഡിലെ കാമറ വിവാദത്തിൽ കെൽട്രോണിനെ പഴിചാരി മുൻ ഗതാഗതമന്ത്രിയും ഇപ്പോഴത്തെ വനംവകുപ്പ് മന്ത്രിയുമായ എ.കെ.ശശീന്ദ്രൻ.
ഗതാഗതവകുപ്പിൽ ക്രമക്കേട് നടന്നെന്ന് പരാതികളൊന്നുമില്ല. കെൽട്രോണിന്റെ നടപടിയിൽ മാത്രമാണ് പരാതിയെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ നിർവഹണചുമതല ഏൽപ്പിച്ചത് കെൽട്രോണിനെയാണ്.
സ്വകാര്യകന്പനികൾക്ക് പ്രവൃത്തി കൈമാറിയത് കെൽട്രോണാണ്. അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ.കെ. ശശീന്ദ്രൻ ഗതാഗതവകുപ്പ് മന്ത്രിയായിരിക്കെയാണ് റോഡിൽ കാമറ സ്ഥാപിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.
ഇപ്പോൾ പദ്ധതിയെക്കുറിച്ച് അഴിമതിയാരോപണം ഉയർന്നപ്പോൾ കഴിഞ്ഞയാഴ്ച അദ്ദേഹം പ്രതികരിച്ചത് തനിക്കൊന്നും ഓർമയില്ലെന്നായിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.