സിയൂൾ: ദക്ഷിണ കൊറിയയിൽ ഹോട്ടലിൽ ഒളികാമറ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങൾ പകർത്തി ഓണ്‍ലൈൻ കച്ചവടം നടത്തിയ മൂന്നു പേർ അറസ്റ്റിൽ. ഹോട്ടലുകളിൽ താമസിച്ച 1,600 പേരുടെ നഗ്നദൃശ്യങ്ങളാണ് ഇത്തരത്തിൽ പകർത്തി അശ്ലീല സൈറ്റിലൂടെ പ്രചരിപ്പിച്ചത്. ഇതിലൂടെ പ്രതികൾ 6,200 ഡോളർ സന്പാദിച്ചു.
ടിവി, ഹെയർ ഡ്രയർ ഹോൾഡർ, സോക്കറ്റ് എന്നിവിടങ്ങളിൽ അതീവ രഹസ്യമായി ചെറിയ കാമറകൾ ഘടിപ്പിച്ചാണ് ദൃശ്യങ്ങൾ പകർത്തിയത്. കൊറിയയിലെ 10 നഗരങ്ങളിലെ ഹോട്ടലുകളിൽനിന്നാണ് പ്രതികൾ രഹസ്യ ചിത്രങ്ങൾ പകർത്തിയത്. കഴിഞ്ഞ ഓഗസ്റ്റിൽ ഇതിനായി 1 എംഎം ലെൻസ് കാമറകൾ പ്രതികൾ ഈ ഹോട്ടലുകളിൽ സ്ഥാപിച്ചു.
നവംബറിൽ വെബ്സൈറ്റ് തയാറാക്കി. മുപ്പത് സെക്കൻഡ് ദൃശ്യങ്ങൾ സൗജന്യമായി നൽകിയ ശേഷം താൽപര്യപ്പെടുന്നവർക്ക് പണം സ്വീകരിച്ച് പൂർണ വീഡിയോ നൽകുകയായിരുന്നു രീതി. വെബ്സൈറ്റിലൂടെ 803 വീഡിയോകളാണ് പോസ്റ്റ് ചെയ്തത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.