കുമളി: മാധ്യമപ്രവർത്തകന്റെ വീഡിയോ കാമറ പട്ടാപ്പകൽ മോഷ്ടിച്ചു. പ്രാദേശിക ചാനലിന്റെ വീഡിയോഗ്രാഫർ ജെറിൻ പടിഞ്ഞാറേക്കരയുടെ കാമറയാണ് മോഷണംപോയത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം.
വണ്‍ മില്യണ്‍ ഗോൾ കാന്പയിൻ പകർത്തിയശേഷം ഗോളടിക്കാനായി കാമറ പൊതുവേദിയിൽവച്ച് മടങ്ങിയെത്തിയപ്പോഴേക്കും കാമറ നഷ്ടപ്പെട്ടിരുന്നു. പോലീസ് സ്റ്റേഷന്റ തൊട്ടടുത്താണ് സംഭവം. മാധ്യമപ്രവർത്തകർ കുമളി സിഐ ഓഫീസിലെ സിസിടിവി ദൃശ്യം പരിശോധിക്കണമെന്നാവശ്യപ്പെട്ടെങ്കിലും സിസിടിവിയുടെ ചുമതലയുള്ളയാൾ സ്ഥലത്തില്ലെന്നായിരുന്നു മറുപടി. പിന്നീട് ഉന്നത ഉദ്യോഗസ്ഥർ ബന്ധപ്പെട്ടതോടെയാണ് ദൃശ്യങ്ങൾ പരിശോധിക്കാൻ പോലീസ് തയാറായത്.
ഇതിനിടെ പോലീസ് സ്റ്റേഷനു സമീപത്തുള്ള വ്യാപാരസ്ഥാപനത്തിലെ സിസിടിവിയിൽ മോഷ്ടാവെന്നു സംശയിക്കുന്നയാളുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ഈ ദൃശ്യം ഉന്നത ഉദ്യോഗസ്ഥർക്ക് വാട്സാപ്പിൽ മാധ്യമപ്രവർത്തകർ അയച്ചുകൊടുത്തു. മുണ്ടും ഷർട്ടും വേഷമണിഞ്ഞ ഉദ്ദേശം 65 വയസ് തോന്നിക്കുന്നയാൾ കാമറി ബാഗ് തോളിലാക്കി നടന്നുപോകുന്ന ദൃശ്യമാണിത്.