സി.സി.സോമൻ
കോട്ടയം: സംസ്ഥാനത്തെ ഒൻപതു ജില്ലകളിലെ പ്രധാനപ്പെട്ട നഗരങ്ങളിൽ പോലീസും കെൽട്രോണും ചേർന്ന് നിരീക്ഷണ കാമറ സ്ഥാപിക്കാനുള്ള പദ്ധതി വൈകുന്നു. ഇതു സംബന്ധിച്ച് കെൽട്രോൺ പ്രോജക്ട് റിപ്പോർട്ട് തയാറാക്കി കഴിഞ്ഞ ഫെബ്രുവരിയിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് സമർപ്പിച്ചതാണ്.
കമ്മീഷണർ പരിശോധിച്ച ശേഷം സർക്കാരിന് സമർപ്പിച്ച് നടപ്പാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ പിന്നീട് കേരളം പ്രളയത്തിൽ മുങ്ങിയതോടെ പദ്ധതി തകിടം മറിഞ്ഞു. ലക്ഷങ്ങൾ വിലയുള്ള ആധുനിക സജ്ജീകരണങ്ങളോടു കൂടിയ കാമറകൾ സ്ഥാപിക്കാനായിരുന്നു തീരുമാനം.
വാഹനം 200 കിലോമീറ്റർ സ്പീഡിൽ പോയാലും വ്യക്തമായ ദൃശ്യങ്ങൾ കിട്ടുന്ന അതിശക്തിയേറിയ കാമറകളാണ് സ്ഥാപിക്കുക. കോട്ടയം, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ റൂറൽ, തൃശൂർ സിറ്റി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, കൊച്ചി സിറ്റി എന്നിവിടങ്ങളിൽ കാമറ സ്ഥാപിക്കാനുള്ള പ്രോജക്ട് റിപ്പോർട്ടാണ് കെൽട്രോൺ ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നല്കിയത്.
പദ്ധതിക്കാവശ്യമായ ഫണ്ട് നല്കാമെന്ന് റോഡ് സേഫ്റ്റി അഥോറിറ്റി ഏറ്റിരുന്നതാണ്. കൊച്ചി സിറ്റിക്ക് അഞ്ചു കോടിയും തിരുവനന്തപുരത്തിനും തൃശൂർ സിറ്റിക്കും രണ്ടു കോടി വീതവും തൃശൂർ റൂറലിന് 1.10 കോടിയും മറ്റു ജില്ലകൾക്ക് ഒന്നര കോടി വീതവും അനുവദിക്കുകയും ചെയ്തിരുന്നു.
പോലീസ് നിർദേശിച്ച സ്ഥലങ്ങളിലാണ് കാമറ സ്ഥാപിക്കുക. അപകടങ്ങൾ കൂടുതൽ ഉണ്ടാകുന്ന സ്ഥലവും മറ്റും കേന്ദ്രീകരിച്ചാവും കൂടുതൽ കാമറകൾ സ്ഥാപിക്കുന്നത്. ഒരു നഗരത്തിൽ പരമാവധി ഇരുപതോളം കാമറകൾ സ്ഥാപിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.
കുമരകത്തെ കാമറകൾ ഉടനെ നന്നാക്കണം
കുമരകം: കുമരകത്തെ കാമറകൾ അടിയന്തരമായി നന്നാക്കാൻ ജില്ലാ പോലീസ് മേധാവി കെൽട്രോണ് അധികൃതരോട് ആവശ്യപ്പെട്ടു. ക്രിസ്മസ്, പുതുവത്സര പരിപാടികൾ നടക്കുന്ന കുമരകത്ത് ഏറെ സുരക്ഷാ സംവിധാനങ്ങൾ ആവശ്യമാണ്. കാമറ ഇക്കാര്യത്തിൽ നിർണായക ഘടകമാണ്. ഇപ്പോൾ കുമരകത്തെ ഭൂരിഭാഗം കാമറകളും തകരാറിലാണ്.
ഏറ്റവുമധികം ടൂറിസ്റ്റുകൾ പുതുവത്സരാഘോഷങ്ങൾക്ക് എത്തുന്നത് കുമരകത്താണ്. ഈ സാഹചര്യത്തിൽ കുമരകത്ത് സ്ഥാപിച്ചിരിക്കുന്ന കാമറകൾ അടിയന്തരമായി നന്നാക്കണമന്നാണ് കെൽട്രോണിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ചീപ്പുങ്കൽ, കവണാറ്റിൻകര എന്നിവിടങ്ങളിലാണ് ഏറ്റവുമധികം കാമറകൾ സ്ഥാപിച്ചിട്ടുള്ളത്.
ആകെയുള്ള 14 കാമറകളിൽ നാലെണ്ണമേ പ്രവർത്തിക്കുന്നുള്ളു. കവണാറ്റിൻകരയിൽ ഒൻപതും കുമരകത്ത് അഞ്ചെണ്ണവുമാണുള്ളത്. കവണാറ്റിൻകരയിലെ ഒറ്റ കാമറ പോലും പ്രവർത്തിക്കുന്നില്ല.