‘
കോട്ടയം: ശ്രദ്ധിക്കൂ, നിങ്ങള്‍ കാമറ നിരീഷണത്തിലാണ്. കോട്ടയം നഗരം പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലെത്തിക്കുന്നതിന്റെ ഭാഗമായി 13 കേന്ദ്രങ്ങളിലായി 52 കാമറകള്‍ പ്രവര്‍ത്തിപ്പിക്കുന്നു.
നാഗമ്പടം ബസ്സ്റ്റാന്‍ഡ്, നാഗമ്പടം പാലം, നാഗമ്പടം, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ്, സെന്‍ട്രല്‍ ജംഗഷന്, കഞ്ഞിക്കുഴി, കോടിമത പാലം, കളക്്ടറേറ്റ്, മാര്‍ക്കറ്റ്, തിരുനക്കര ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്.
ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും ലംഘനങ്ങള്‍ കണ്ടെത്തുന്നതിനും സുരക്ഷയുടെ ഭാഗമായിട്ടാണ് കാമറകള്‍ സ്ഥാപിക്കുന്നത്. 13 പോയിന്റുകളില്‍ ഒമ്പതു സ്ഥലങ്ങളിലായി 360 ഡിഗ്രിയില്‍ മുഴുവനായി കറങ്ങുന്ന ഹൈടെക് കാമറയും മറ്റിടങ്ങളില്‍ സാധാരണ കാമറയുമാണുള്ളത്.
മുട്ടമ്പലത്തുള്ള പോലീസ് കണ്ട്രോള് റൂമില്‍ 24 മണിക്കൂറും 13 കാമറ പോയിന്റുകളിലെയും ദൃശ്യങ്ങള്‍ വീക്ഷിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്കാനുമായി പോലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടാകും.സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടില്‍നിന്നും 75 ലക്ഷം രൂപ വകയിരുത്തിയാണ് വിദേശത്ത് ഇറക്കുമതി ചെയ്ത കാമറകള്‍ സ്ഥാപിക്കുന്നത്.
നേരത്തെ സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങളാണു വിവിധ ആവശ്യങ്ങള്‍ക്കായി പോലീസ് ശേഖരിച്ചിരുന്നത്. നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കാമറ സംവിധാനം കൂടുതല്‍ പ്രയോജനകരമാകും.
ട്രാഫിക് നിയമലംഘനം കൈയോടെ പിടികൂടാനും മോഷണം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ അന്വേഷണത്തിനും കാമറ ദൃശ്യങ്ങള്‍ സഹായകരമാകുയും ചെയ്യും. പല കുറ്റകൃത്യങ്ങളിലും നിര്‍ണായക തെളിവാകുന്നത് കാമറ ദൃശ്യങ്ങളാണ്. കൊലപാതക കേസുകളില്‍ അടക്കം നിരീക്ഷണ കാമറാ ദൃശ്യങ്ങള്‍ പ്രതിയെ പിടികൂടാന്‍ പോലീസിന് സഹായകമാകാറുണ്ട്.