ചങ്ങനാശേരി: ഫോട്ടോഗ്രാഫർമാർ എന്ന വ്യാജേന കടകളിലും വീടുകളിലുമെത്തി വിലപ്പിടിപ്പുള്ള കാമറകൾ വാടകയ്ക്കെടുത്ത് ചെറിയ വിലക്ക് വിൽപ്പന നടത്തി സംഘം ആഡംബര ജീവിതം നടത്തിയെന്ന് പോലീസ്.
കാമറകൾ വിറ്റു കിട്ടുന്ന തുക ഉപയോഗിച്ച് ഇവർ ഇടുക്കി, കട്ടപ്പന, മൂന്നാർ എന്നിവിടങ്ങളിൽ എത്തി ലോഡ്ജുകളിൽ മുറിയെടുത്താണ് താമസിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
ആലപ്പുഴ കൈതവന കോലേത്ത് മധുമോഹൻ(22), ഭാര്യ സുമിജ(18), ഇവരുടെ സുഹൃത്ത് അനന്ത കൃഷ്ണൻ(24) എന്നിവരാണ് കാമറ മോഷണ കേസിൽ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തത്.
കാമറകൾ വാടകക്ക് നൽകുന്ന കടകളും വീടുകളും കണ്ടുപിടിച്ച് അവിടെയെത്തി ഫോട്ടോഗ്രാഫർമാരാണെന്ന വ്യാജേന വിവാഹ ചടങ്ങിന്റെ ഫോട്ടോ എടുക്കാനെന്ന ധരിപ്പിച്ച് തന്ത്രപൂർവം കാമറകൾ തട്ടിയെടുത്തു വാഹനത്തിൽ കയറി മുങ്ങുകയാണ് സംഘത്തിന്റെ മോഷണ ശൈലി.
ഇത്തരത്തിൽ കാമറകൾ നഷ്ടപ്പെട്ട തൃക്കൊടിത്താനം സ്വദേശികളായ രണ്ടുപേർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃക്കൊടിത്താനം പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പിടികൂടാനായത്. സ്റ്റേഷൻ എസ്എച്ചഒ ഇ.അജീബിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിൽ ഇടുക്കി ചെറുതോണിയിൽ നിന്നുമാണ് സംഘത്തെ പിടികൂടിയത്.
ഒന്നര ലക്ഷം രൂപവരെ വിലവരുന്ന കാമറകൾ ഇവർ മുപ്പതിനായിരത്തിനും അന്പതിനായിരത്തിനുമിടയിലുള്ള വിലയിലാണ് വിറ്റിരുന്നത്. പ്രതികളുടെ പേരിൽ കോട്ടയം, പാലാ പോലീസ് സ്റ്റേഷനുകളിലും സമാന കേസുകളുള്ളതായി പോലീസ് പറഞ്ഞു.
തട്ടിപ്പു നടത്തിയിരുന്ന ദന്പതികൾക്ക് അനന്തകൃഷ്ണനാണ് വാഹനങ്ങളും താമസ സൗകര്യങ്ങളും ഏർപ്പെടുത്തി നൽകിയിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി കാമറ വിൽപന നടത്തിയ കടകളിൽ നിന്നും ഇവ കണ്ടെടുക്കുമെന്നും പോലീസ് പറഞ്ഞു.