കൊച്ചി: എറണാകുളം എംജി റോഡിലെ കാമറ കട കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലവരുന്ന 250ഓളം കാമറകൾ മോഷ്ടിച്ച കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.
കേസിലെ രണ്ടാം പ്രതിയായ അരൂർ സ്വദേശി സേതുരാജി(54)നെ കഴിഞ്ഞ ദിവസം എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
അരൂർ കാക്കത്തുരുത്ത് ദ്വീപിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന ഇയാളെ എറണാകുളം സെൻട്രൽ പോലീസ് ഇൻസ്പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
മോഷണ സംഘത്തിൽ ഇനിയും അംഗങ്ങൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പോലീസ്.കേസിലെ മുഖ്യപ്രതി കൊല്ലം സ്വദേശി ടൈറ്റാനിക് ബിജു എന്ന മുഹമ്മദ് ഷമീർ (42), മൂന്നാം പ്രതി നോർത്ത് പറവൂർ സ്വദേശി എൻ.എസ്. സുൽഫിക്കർ (32), നാലാം പ്രതി മട്ടാഞ്ചേരി സ്വദേശി പി.എൻ. നൗഫൽ (27) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ മുന്പും പല കേസുകളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
ഓഗസ്റ്റ് നാലിന് പുലർച്ചെ രണ്ടിനും നാലിനുമിടെ എറണാകുളം കോണ്വന്റ് റോഡിൽ പ്രവർത്തിക്കുന്ന ‘കാമറ സ്കാൻ’ ഷോപ്പ് കുത്തിത്തുറന്ന് 250ഓളം കാമറയും ലെൻസും മറ്റ് ഉപകരണങ്ങളും മോഷ്ടിച്ചതാണ് കേസ്.
സുൽഫിക്കറാണ് സ്വന്തം വാഹനം ഓടിച്ച് മോഷണത്തിന് പ്രതികളെ സഹായിച്ചത്. മോഷ്ടിച്ച കാമറകൾ അടങ്ങിയ നാല് ബാഗുകൾ സുൽഫിക്കറിന്റെ കാറിൽ സൂക്ഷിച്ചിരുന്നു.
നൗഫലാണ് കാമറകൾ വാങ്ങിയത്. മോഷണം നടന്ന് രണ്ടു ദിവസത്തിനകം നൗഫലിനെയും സുൽഫിക്കറിനെയും പിടികൂടിയിരുന്നു.
ഇവർ മാർക്കറ്റിലെ കടയിലെ സെക്യൂരിറ്റി ജീവനക്കാരന്റെ ടൂവീലറും മൊബൈൽ ഫോണും മോഷ്ടിച്ച കേസിലും കാരിക്കാമുറിയിൽ ഒരു ബൈക്കും ബ്രോഡ്വേ വാച്ചുകടയിൽനിന്ന് വാച്ചും മോഷ്ടിച്ച കേസിലും കാരിക്കാമുറിയിലെ വീട് കുത്തിത്തുറന്ന് സ്വർണവും പഴയ നാണയങ്ങളും മോഷ്ടിച്ച കേസിലും പ്രതികളാണ്.
സേതുരാജിന്റെ പേരിൽ എളമക്കര, പൂച്ചാക്കൽ, ചേരാനല്ലൂർ, ഹിൽപാലസ്, കളമശേരി, ആലുവ, അങ്കമാലി, തൃശുർ, ഗുരുവായൂർ എന്നീ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്.
ടൈറ്റാനിക് ബിജുവിന്റെ പേരിൽ സെൻട്രൽ സ്റ്റേഷനിൽ എട്ട് കേസും ചേരാനല്ലൂർ, എളമക്കര, നോർത്ത്, കടവന്ത്ര സ്റ്റേഷനുകളിൽ ഓരോ കേസും നിലവിലുണ്ട്.