മാന്നാർ: വിവാഹ വീടുകളിൽ നിന്നും സ്റ്റുഡിയോ ഉപകരണങ്ങൾ മോഷണം പോകുന്നത് പതിവാകുന്നു. സ്റ്റുഡിയോ ഉപകരണങ്ങൾ മോഷ്ടിക്കുവാനായി മാത്രം വിവാഹ വീടുകളിൽ എത്തുന്ന സംഘം സജീവമായിരിക്കുകയാണ്. വിവാഹ ചടങ്ങുകൾ ചിത്രീകരിക്കുവാൻ എത്തുന്ന ഫോട്ടോഗ്രാഫർമാരുടെ കാമറയും അനുബന്ധ ഉപകരണങ്ങളുമാണ് മോഷ്ടാക്കൾ അപഹരിക്കുന്നത്.
വിവാഹം കഴിഞ്ഞ് വധൂവരൻമാർ ഹാളിലേക്ക് പ്രവേശിക്കുന്ന തിരക്കിലാണ് ഇക്കൂട്ടർ ഇത് കൈക്കലാക്കി മുങ്ങുന്നത്. ഫോട്ടോഗ്രാഫർമാരും സഹായികളും ചടങ്ങുകൾ ചിത്രീകരിക്കുന്ന തിരക്കിലായിരിക്കുന്പോൾ അനുബന്ധ ഉപകരണങ്ങൾ വെളിയിൽ എവിടെയെങ്കിലും സൂക്ഷിക്കുകയാണ് പതിവ്.
വിവാഹം കഴിഞ്ഞ് തിരികെ പോകുന്പോഴാണ് പീന്നീട് സാധാരണയായി ഇവ എടുക്കാറുള്ളത്. ഈ സാഹചര്യം മുതലെടുത്താണ് ഇത്തരത്തത്തിൽ മാറ്റി വയ്ക്കുന്ന ഫ്ളാഷ് കാമറ, മെമ്മറി കാർഡ്, വീഡിയോ ലൈറ്റ്, ബാറ്ററി ചാർജർ, സോഫ്റ്റ് ബോക്സ്, കേബിൾ, എക്സ്റ്റഷൻ ബോക്സ്, കാമറ ബാഗ്, സ്പെയർ കാമറ എന്നിവ മോഷ്ടിച്ച് കൊണ്ട് പോകുന്നത്.
അടുത്ത നാളിൽ വിവിധ സ്റ്റുഡിയോക്കാരുടെ സാധനങ്ങൾ മോഷണം പോയതോടെയാണ് സംഭത്തിന് പിന്നിൽ സ്ഥിര മോഷ്ടാക്കൾ ഉണ്ടെന്ന ബോധ്യം ഉണ്ടായത്. ഇത്തരത്തിൽ സംഘടിത മോഷണം നടത്തുന്ന പ്രതികളെ ഉടൻ പിടികൂടണമെന്ന ആവശ്യം ഉയർത്തി ഫോട്ടോഗ്രാഫേഴ്സിന്റെ സംഘടനകളും രംഗത്ത് വന്നു. സംഘടനയുടെ നേതൃത്വത്തിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് പരാതിയും നൽകിയിട്ടുണ്ട്.