പൂച്ചാക്കൽ: പൊതുസ്ഥലത്ത് ആരും കാണുന്നില്ലെന്ന് കരുതി മാലിന്യം വലിച്ചെറിയുന്നവർ സൂക്ഷിക്കുക. കാമറകൾ ഇനിമുതൽ നിങ്ങളെ നിരീക്ഷിക്കുന്നുണ്ടാകും. തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് മാലിന്യരഹിത പഞ്ചായത്ത് എന്ന പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിച്ചു തുടങ്ങിയത്.
ഇതുവഴി രാത്രിയുടെ മറവിൽ റോഡരികിലും മറ്റു സ്ഥലങ്ങളിലുമായി മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ സാധിക്കും. പൂച്ചാക്കൽ രണ്ട് പാലങ്ങളിൽ, മാക്കേക്കവല, മാക്കേക്കവല ജപ്പാൻ ശുദ്ധജല വിതരണ കേന്ദ്രം, ശാന്തിക്കവല, പി.എസ് കവല, വല്ലാറ തുടങ്ങിയ എട്ടു സ്ഥലങ്ങളിലായിട്ടാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
ജനജീവിതത്തിന് യാതൊരു വിലയും കല്പിക്കാതെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. പരാതികൾ പതിവായിട്ടും മാലിന്യം തള്ളൽ നിയന്ത്രണമില്ലാതെ തുടരുന്നത് പതിവാണ്. മാലിന്യ സംസ്കരണത്തിനും പൊതു സ്ഥലങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും പ്രദേശത്തെ പ്രധാന സ്ഥലങ്ങളിൽ കാമറകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപനങ്ങൾ നടത്തിയിട്ടും നാളിതുവരെയായി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്ന ജനരോഷത്തിന് ഒരു പരിധിവരെ പരിഹാരം കാണാനാകും എന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം തൈക്കാട്ടുശേരി 15-ാം വാർഡിൽ ചൂരമന ചുടുകാട്ടുംപുറം റോഡിൽ വല്യാറഭാഗത്ത് റോഡിലും സമീപത്തെ തോട്ടിലുമായി സാമൂഹ്യ വിരുദ്ധർ കക്കൂസ് മാലിന്യം തളളിയതിനെതിരെ പരിസരവാസികൾ പഞ്ചായത്തയത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
പഞ്ചായത്ത് വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. പി.എസ് കവല, ശാന്തിക്കവല എന്നിവിടങ്ങളിൽ കാമറകൾ സ്ഥാപിച്ചു കഴിഞ്ഞു. മറ്റ് സ്ഥലങ്ങളിൽ വൈദ്യുതി ലഭിച്ചു കഴിഞ്ഞാൽ ഉടൻ നിർമാണം പൂർത്തിയാക്കും എന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.