നമ്മുടെ അനുവാദമില്ലാതെ വീട്ടിൽ അതിക്രമിച്ച് കടക്കുന്നവരെ കള്ളൻ എന്നാണ് വിളിക്കുന്നത്. എന്നാൽ അമേരിക്കയിലെ ഒരു വീട്ടിൽ കഴിഞ്ഞ ദിവസമുണ്ടായത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. സാമുവൽ സ്മിത്ത് എന്ന യുവാവ് നാർഡി ദമ്പതികളുടെ വീട് കുത്തിതുറന്ന് അകത്ത് കയറി. എന്നാൽ ഇയാൾ മോഷ്ടിക്കുന്നതിനു വേണ്ടിയല്ല വീടിനുള്ളിൽ കയറിയത്. അകത്ത് കടന്ന് ആദ്യം ബാത്ത്റൂമിൽ കയറി അതി വിശാലമായൊരു കുളി പാസാക്കി. പിന്നീട് സന്ദർശന മുറിയിലെ സോഫയിൽ നീണ്ട് നിവർന്നൊരു ഉറക്കവും പാസാക്കി.
വീട്ടിൽ ആരും ഇല്ലാത്തതിനാൽ പിടിക്കപ്പെടില്ലെന്ന് കരുതിയാണ് അയാൾ ഇങ്ങനെയൊക്കെ ചെയ്തത്. എന്നാൽ വീട്ടുകാർ സെക്യൂരിറ്റി കാമറയിലൂടെ ഇയാളെ കാണുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. പോലീസ് എത്തുമ്പോൾ ഒരു തോർത്ത് മാത്രമുടുത്ത് സോഫയിൽ സുഖമായിരുന്ന് വിശ്രമിക്കുകയായിരുന്നു കക്ഷി. ജനുവരി 27 -ന് രാത്രിയാണ് സംഭവം. അന്നേ ദിവസം വീട്ടുകാർ സ്ഥലത്ത് ഇല്ലായിരുന്നു. എന്നാൽ ഇവരുടെ വീട്ടിൽ അപരിചിതർ ആരെങ്കിലും എത്തിയാൽ വിവരം നൽകുന്നതിനായി ഫോണുമായി ബന്ധിപ്പിച്ചിട്ടുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നു.
സാമുവൽ സ്മിത്ത് വീട്ടിലെത്തിയപ്പോൾ തന്നെ വീട്ടുകാരുടെ ഫോണിൽ അലാറം അടിച്ചു. തങ്ങളുടെ വളർത്തുമൃഗങ്ങളുടെ ചലനം തെറ്റായി സെൻസർ ചെയ്തതാകാം എന്നാണ് അവർ വിചാരിച്ചത്. എന്നാൽ അലാറം വീണ്ടും അടിച്ചതോടെ ഇരുവരും തങ്ങളുടെ ഫോണിൽ സുരക്ഷാ കാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് ഒരു അപരിചിതൻ തങ്ങളുടെ വീട്ടിൽ കടന്നിട്ടുണ്ടെന്നും വീട്ടു സാധനങ്ങളെല്ലാം എടുത്ത് ഉപയോഗിക്കുന്നതും കണ്ടത്. ഉടൻ തന്നെ അവർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് എത്തിയപ്പോൾ ഇയാൾ സോഫയിൽ വിശ്രമിക്കുകയായിരുന്നു. ഉടൻതന്നെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.