സിനിമ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ജീവിതത്തിൽ ഒരിക്കലെങ്കിലും സിനിമ കണ്ടിട്ടില്ലാത്തവരും കാണില്ല.
പലർക്കും സിനിമ ഒരു ലഹരിയാണ്. ചില സിനിമകൾ മനസിൽ എത്ര നാൾ കഴിഞ്ഞാലും തങ്ങിനിൽക്കും.
ചിലതു പെട്ടെന്നു മറന്നുപോകും. മനുഷ്യ മനസിനെ വളരെ ആഴത്തിൽ സ്വാധീനിക്കാൻ കഴിയുന്ന ഒരു മേഖല തന്നെയാണ് സിനിമ.
ഷൂട്ടിംഗ് അത്ര രസമല്ല
അഭ്രപാളികളിൽ നമ്മൾ കാണുന്ന സിനിമകളുടെ ഷൂട്ടിംഗ് നേരിട്ട് കാണാനിടയായാൽ നമുക്ക് അത് അത്ര ബോധിച്ചെന്നു വരില്ല.
പലപ്പോഴും ഷൂട്ടിംഗ് ലൊക്കേഷനുകൾ ആളു കൂടുന്നതു ഷൂട്ടിംഗ് കാണാനൊന്നുമല്ല, മറിച്ചു തങ്ങളുടെ ഇഷ്ടപ്പെട്ടവർ അഭിനയിക്കുന്നതു കാണാനോ തങ്ങൾ ആരാധിക്കുന്ന താരങ്ങളെയോ ടെക്നീഷ്യൻമാരെയോ കാണാനൊക്കെയാണ്.
പ്രേക്ഷകരെ സംബന്ധിച്ചു സിനിമ ഒരു ആസ്വാദന തലം നൽകുന്പോഴും ഒരു സിനിമയ്ക്കുപിന്നിൽ കഷ്ടപ്പെടുന്നവർ നിരവധി പേരാണ്. ലൈറ്റ് ബോയ് മുതൽ നിർമാതാവ് വരെ നീളുന്നു ആ നിര..
ഊണും ഉറക്കവുമില്ലാതെ
വലിയൊരു സംഘം അണിയറയിൽ ഉൗണും ഉറക്കവുമില്ലാതെ നടത്തുന്ന വളരെ നാളത്തെ കഷ്ടപ്പാടിനുശേഷമാണ് ഓരോ സിനിമയും പിറക്കുന്നത്.
ഓരോ സിനിമകളുടെയും ഷൂട്ടിംഗ് ലൊക്കേഷനുകളിൽ അറിയപ്പെടാതെ പോകുന്നതും പരസ്യമാകുന്നതുമായ നിരവധി കഥകളും മുഹൂർത്തങ്ങളുമുണ്ട്.
ഇത്തരത്തിലുള്ള രസകരമായ മുഹൂർത്തങ്ങളോടൊപ്പം വേദനിപ്പിക്കുന്ന കുറേ സംഭവങ്ങളും ഉണ്ട്. പ്രത്യേകിച്ച് ഷൂട്ടിംഗുകൾക്കിടയിൽ അപകടവും മരണവും വരെ സംഭവിക്കുന്ന നിമിഷങ്ങൾ.
അപകട വഴിയിൽ
സിനിമാ ഷൂട്ടിംഗ് പലപ്പോഴും അത്യാപത്ത് നിറഞ്ഞ വഴികളിലൂടെയുള്ള സഞ്ചാരം കൂടിയാണ്. പ്രത്യേകിച്ച് ഹോളിവുഡ് സിനിമകളിലും ബോളിവുഡ് സിനിമകളിലുമൊക്കെ.
സിനിമ പൂർണാർഥത്തിൽ പ്രേക്ഷകരെ ബോധിപ്പിക്കണമെങ്കിൽ അഭിനേതാക്കളും ടെക്നീഷ്യൻമാരുമൊക്കെ വലിയ തോതിൽ റിസ്ക് എടുക്കേണ്ടി വരും.
ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചാലും പലപ്പോഴും ഇത്തരം റിസ്ക് ഷൂട്ടിംഗുകൾക്കിടയിൽ അപകടം വിളിച്ചുവരുത്തും.
ഇങ്ങനെ ഷൂട്ടിംഗിനിടയിൽ മരിച്ചവർ പലരുണ്ട്. ഇന്നും ആരാധകരുടെ മനസിൽ തേങ്ങലായി അവശേഷിക്കുന്ന ചിലർ.
വെടിപൊട്ടി
2021 ഒക്ടോബറിലാണ് വടക്കൻ ന്യൂ മെക്സിക്കോയിൽ നടന്ന ഹോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ലോകത്തെ ഞെട്ടിച്ച അപകടം നടന്നത്.
വളരെ അടുത്തനാളിൽ നടന്ന സംഭവം. ദി റെസ്റ്റ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിൽ നായകന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയുതിത്തു. ഛായാഗ്രാഹക കൊല്ലപ്പെടുകയും സംവിധായകനു പരിക്കേൽക്കുകയും ചെയ്തു.
ചിത്രത്തിലെ നായകൻ അലക് ബാൾഡ്വിൻ ആയിരുന്നു. കൊല്ലപ്പെട്ട ഛായാഗ്രാഹകയുടെ പേര് ഹലീന ഹച്ചിൻസ്.
ചിത്രത്തിൽ അബദ്ധത്തിൽ ഒരാളെ വെടിവെച്ചു കൊല്ലുന്ന പതിമൂന്നുകാരന്റെ അച്ഛൻ റസ്റ്റായാണ് അലക് ബോൾഡ്വിൻ അഭിനയിക്കുന്നത്.
ചിത്രത്തിലെ കഥാപാത്രം എന്തായിരുന്നോ ചെയ്യേണ്ടിയിരുന്നത് അതു മാത്രമേ അലക് ചെയ്തുള്ളൂ.
പക്ഷേ, അലക് ഉപയോഗിച്ച തോക്കിൽ തിര ഉണ്ടായിരുന്ന വിവരം അയാൾക്ക് അറിയില്ലായിരുന്നു. തോക്ക് അലക്കിന്റെ കൈയിൽവച്ച് നൽകിയ സഹസംവിധായകനും ആ വിവരം അറിയില്ലായിരുന്നു.
(തുടരും)
തയാറാക്കിയത്: എൻ.എം.