വനത്തിനുള്ളിൽ അപൂർവങ്ങളിൽ അപൂർവമായി മാത്രം കാണാറുള്ള കരിന്പുലിയുടെ മികവാർന്ന ചിത്രങ്ങൾ പകർത്തി യുവ വന്യജീവി ഫോട്ടോഗ്രാഫർ. ഉൾക്കാടുവിട്ടു പുറത്തിറങ്ങാറില്ലാത്ത കരിന്പുലിയുടെയും ഇണയുടെയും ചിത്രങ്ങൾ പശ്ചിമഘട്ടത്തിലെ നീലഗിരി വനമേഖലയിലെ കോത്തഗിരി അളക്കര ഭാഗത്തുനിന്നാണ് കോത്തഗിരി സ്വദേശിയായ ചന്ദ്രശേഖർ കാമറയിൽ പകർത്തിയത്.
കേരളത്തിലെ സൈലന്റ് വാലി, ഇരവികുളം വനമേഖലയിൽ ഇവയുണ്ടെങ്കിലും ഇവയുടെ ചിത്രങ്ങൾ നേരിട്ടു പകർത്തുക എന്നതു വന്യജീവി ഫോട്ടോഗ്രാഫർമാരെ സംബന്ധിച്ചിടത്തോളം അതീവ വെല്ലുവിളിയാണ്. വനംവകുപ്പ് സ്ഥാപിക്കാറുള്ള കാമറക്കെണിയിലാണ് ഇവയുടെ കൂടുതൽ ചിത്രങ്ങളും ലഭിച്ചിട്ടുള്ളത്.
സാധാരണ കാണപ്പെടാറുള്ള പുള്ളിപ്പുലിയിൽനിന്നാണ് കരിന്പുലി ഉണ്ടാകുന്നത്. ഈ കരിന്പുലിയിൽനിന്നു ചിലപ്പോൾ പുള്ളിപ്പുലിയും ഉണ്ടാകും. കരിന്പുലിയുടെ കറുപ്പിനെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ പുള്ളികൾ കാണാം. കറുത്ത നിറമായതിനാലും പുറത്തിറങ്ങാറുള്ളത് രാത്രിയിലായതിനാലും ഇവയെ കണ്ടെത്തുക വളരെ പ്രയാസമാണ്.
അകാൽ ശിവലിംഗം എന്നയാൾ കരിന്പുലിയെ കണ്ട വിവരം അറിയിച്ചതിനെതുടർന്ന് ദിവസങ്ങൾനീണ്ട കാത്തിരിപ്പിലാണ് ചിത്രങ്ങൾ എടുക്കാൻ കഴിഞ്ഞത്.