ആലപ്പുഴ: ജില്ലയിൽ കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം പുരോഗമിക്കുന്നു. 72 പഞ്ചായത്തുകളിലായി 86ഉം ആറ് നഗരസഭകളിലായി 15 ഉം കമ്യൂണിറ്റി കിച്ചണുകളാണു പ്രവർത്തിക്കുന്നത്. ഈ 101 കമ്മ്യൂണിറ്റി കിച്ചണുകളിൽ നിന്നായി ഇതുവരെ 1,04276 പേർക്ക് ഇതുവരെ ഉച്ചഭക്ഷണം നൽകി.
ഇതിൽ 76,696 പേർക്ക് സൗജന്യമായാണ് നൽകിയത്. ഇന്നലെ മാത്രം 22103 പേർക്ക് ഭക്ഷണം നൽകി. ഇതിൽ 15731 പേർക്ക് സൗജന്യമായാണ് നൽകിയത്. ഇന്നലെ വരെ 11316 ഭക്ഷണപ്പൊതികളാണ് അതിഥി തൊഴിലാളികൾക്ക് നൽകിയിട്ടുള്ളത്.
ലോക്ക് ഡൗണ് കാരണം ജനങ്ങൾക്ക് ഭക്ഷണം ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് കമ്മ്യൂണിറ്റി കിച്ചണിന്റെ ലക്ഷ്യം. അതത് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കമ്യൂണിറ്റി കിച്ചണുകൾ വഴി ആവശ്യക്കാർക്ക് ഭക്ഷണം വിതരണം ചെയ്യുന്നു.
അഗതികൾ, കിടപ്പു രോഗികൾ, ഭിക്ഷാടകർ, നിർധനർ എന്നിവർക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്നു. പ്രത്യേകം നൽകിയിട്ടുള്ള ഫോണ് നന്പറുകളിൽ ബന്ധപ്പെട്ടാൽ ഭക്ഷണം നേരിട്ട് വീടുകളിൽ എത്തിച്ചും നൽകും. സൗജന്യ ഭക്ഷണത്തിന് അർഹരായവരുടെ പട്ടിക തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ തന്നെ തയാറാക്കും.
തദ്ദേശ സ്ഥാപന തലത്തിൽ രൂപീകരിക്കുന്നവളന്റിയർമാർ വഴിയാണ് ഭക്ഷണം വീടുകളിൽ എത്തിച്ചു നൽകുന്നത്. ഇതിനുള്ള ചെലവ് അതത് തദ്ദേശ സ്ഥാപനം വഹിക്കും. മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെടാത്തവർക്ക് കമ്യൂണിറ്റി കിച്ചണുകളിൽ ചെന്ന് ഭക്ഷണം വാങ്ങുന്നതിന് 20 രൂപയും വീട്ടിൽ എത്തിച്ചു നൽകുന്നതിന് 25 രൂപയുമാണ് ഈടാക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ 10രൂപ സബ്സിഡി ഉൾപ്പെടെയാണ് ഈ നിരക്ക്. ഓരോ തദ്ദേശ സ്ഥാപനത്തിലും അവിടുത്തെ ആവശ്യമനുസരിച്ചാണ് കമ്മ്യൂണിറ്റി കിച്ചണുകൾ സജ്ജീകരിച്ചിരിക്കുന്നത്. നഗരസഭകളിൽ 10 വാർഡിന് ഒരെണ്ണം എന്ന രീതിയിലാണ് കമ്മ്യൂണിറ്റി കിച്ചണുകളൊരുക്കുന്നത്.
കുടുംബശ്രീയുടെ സൂക്ഷ്മ സംരംഭക യൂണിറ്റുകൾക്കാണ് കമ്യൂണിറ്റി കിച്ചണുകളുടെ നടത്തിപ്പ് ചുമതല. കമ്മ്യൂണിറ്റി കിച്ചണുകളിൽ പ്രവർത്തിക്കുന്നവർ മാസ്കും കൈയുറയും ധരിക്കുകയും ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കുകയും വേണം.