
ആലപ്പുഴ: ലോക്ഡൗണ്‍ കാലത്ത് ജില്ലയിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണുകളുടെ പ്രവർത്തനം പരിശോധിച്ച് കുറവുകൾ പരിഹരിക്കാൻ നിർദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരൻ പറഞ്ഞു.
കമ്യൂണിറ്റി കിച്ചണ്‍ സംവിധാനം അർഹതപ്പെട്ട മുഴുവൻ ആളുകളിലേക്കും എത്തിയിട്ടുണ്ട് എന്ന് പരിശോധിച്ച് ഉറപ്പാക്കും. അർഹതപ്പെട്ട ആളുകൾക്ക് ഭക്ഷണം ലഭിക്കാത്ത സാഹചര്യമില്ലെന്ന് ഉറപ്പാക്കാനും മന്ത്രി നിർദേശിച്ചു.
കലക്ടറേറ്റിൽ ചേർന്ന കൊറോണ19 പ്രതിരോധപ്രവർത്തനങ്ങളും ലോക്ഡൗണും സംബന്ധിച്ചുള്ള അവലോകനയോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
രോഗ നിയന്ത്രണത്തിൽ ജില്ല മികച്ച പ്രവർത്തനങ്ങളാണ് കാഴ്ചവച്ചിട്ടുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. 2000 ത്തോളം ഐസൊലേഷൻ ബെഡുകൾ ഹൗസ് ബോട്ടുകളിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും ഇതു സംബന്ധിച്ച് ജില്ലാ കളക്ടർ ഹൗസ് ബോട്ട് ഉടമകളുമായി സംസാരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, ജില്ല കളക്ടർ എം.അഞ്ജന, ജില്ല പോലീസ് മേധാവി ജെയിംസ് ജോസഫ്, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാ മേധാവികൾ എന്നിവർ യോഗത്തിൽ സംസാരിച്ചു.