വടക്കഞ്ചേരി: പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാന്പുകളിൽ കഴിഞ്ഞിരുന്നവർക്കുള്ള ധനസഹായം സംബന്ധിച്ച് വ്യക്തത വേണമെന്ന ആവശ്യമുയരുന്നു. ക്യാന്പുകളിൽ രണ്ടുദിവസമെങ്കിലും താമസിച്ചിരുന്നവർക്ക് 10,000 രൂപ നല്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നെങ്കിലും വില്ലേജുകളിൽ അപേക്ഷ നല്കാനെത്തുന്പോൾ ഇതിനു വ്യക്തമായ മറുപടി റവന്യൂ അധികൃതർ നല്കുന്നില്ലെന്നാണ് ആക്ഷേപം.
ആയിരംരൂപ മുതൽ നല്കി അവഗണിക്കാനുള്ള നീക്കമുണ്ടെന്നാണ് താമസയോഗ്യമല്ലാത്ത വീടുകളിൽനിന്നും ക്യാന്പിൽ താമസിച്ചിരുന്നവർ പറയുന്നത്. ധനസഹായത്തിനായി നൂറുകണക്കിനു അപേക്ഷകളാണ് പ്രളയബാധിത മേഖലകളിലെ വില്ലേജ് ഓഫീസുകളിൽ കഴിഞ്ഞദിവസംമുതൽ എത്തുന്നത്. ഇതിൽ അനർഹരായവരും കയറിക്കൂടുന്നതായി പറയുന്നു. യോഗ്യരായവരെ കണ്ടെത്തുന്നത് രാഷ്ട്രീയപാർട്ടികളാകുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
ഇങ്ങനെയായാൽ സ്വന്തംപാർട്ടിക്കാരെ തിരുകികയറ്റാനാകും നേതാക്കൾ ശ്രമിക്കുക. സർക്കാർ കൊടുക്കാമെന്നു പറഞ്ഞ തുക എന്നുവിതരണം ചെയ്യുമെന്നതിനെക്കുറിച്ചും വ്യക്തതയില്ല. ഉരുൾപൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി കഷ്ടപ്പെട്ടതിനേക്കാൾ വലിയ ദുരിതങ്ങളാണ് ഇനി വരാനിരിക്കുന്നതെന്ന കാഴ്ചപ്പാടിലാണ് ദുരിതബാധിതരെല്ലാം.
ഉരുൾപൊട്ടലിലും പ്രളയത്തിലും വീടുനഷ്ടപ്പെട്ടവർക്കുള്ള ധനസഹായങ്ങളിലും ആനുകൂല്യങ്ങളിലും അവ്യക്തത തുടരുകയാണ്. ദുരിതാശ്വാസ ക്യാന്പുകളെല്ലാം അവസാനിപ്പിച്ചതുമൂലം വീടുകളിലേക്ക് മടങ്ങിയവർ ജീവിക്കാൻ കഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ട്. വിആർടി കവയിൽ ഉരുൾപൊട്ടലിനെ തുടർന്ന് വീടുതകർന്ന ആദിവാസി കുടുംബങ്ങൾ ഇപ്പോഴും വിആർടിയിലെ ഉണ്ണിമിശിഹാ ദേവാലയത്തിലാണ് കഴിയുന്നത്.
ഇവർക്ക് തിരിച്ചുപോകാൻ വീടില്ലാത്തതാണ് പ്രശ്നം. മാധവൻ, പുഷ്പ, സുകു എന്നിങ്ങനെ മൂന്നു കുടുംബങ്ങളാണ് ദേവാലയത്തിലുള്ളത്. താത്കാലികമായി ഷെഡ് നിർമിച്ച് നല്കാമെന്നു വില്ലേജ് അധികൃതർ പറഞ്ഞിരുന്നെങ്കിലും അതിനുള്ള നടപടി പുരോഗമിക്കുന്നില്ലെന്നാണ് പള്ളിയിൽ കഴിയുന്ന ആദിവാസികൾ പറയുന്നത്.