കോട്ടയം: ദുരിതത്തിൽ നിന്ന് കരകയറിയവർക്ക് അൽപം ആശ്വാസം നല്‍കുന്നത് ദുരിതാശ്വാസ ക്യാന്പുകളിൽ സന്നദ്ധ സംഘടനകളും വ്യക്തികളും നല്കുന്ന സഹായം തന്നെ. കോട്ടയം നഗരമധ്യത്തിലുള്ള ചാലുകുന്ന് സിഎൻഐ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിൽ കഴിയുന്ന 72 പേർക്ക് ഇന്നലെ ആഹ്ലാദ ദിനമായിരുന്നു.
വാർഡ് കൗണ്‍സിലർ രാധാകൃഷ്ണൻ കോയിക്കലും സിഎൻഐ എൽപി സ്കൂൾ ഹെഡ്മാസ്റ്റർ സാംജോണ്സണും ചേർന്ന് ക്യാന്പിൽ കഴിയുന്നവർക്ക് കപ്പയും ചിക്കനും നല്കി. മൂന്നു മണിയോടെ ക്യാന്പിൽ കൊണ്ടുവന്ന കപ്പ സ്ത്രീകളും പുരുഷൻമാരും ചേർന്ന് പൊളിച്ചു നുറുക്കി. ഇതിനിടെ മറ്റു ചിലർ ചിക്കൻ കഷണങ്ങളാക്കി.
ഹെഡ്മാസ്റ്ററും അധ്യാപികമാരും ക്യാന്പ് അംഗങ്ങൾക്കൊപ്പം ചേർന്നതോടെ ഒരു മണിക്കൂറിനുള്ളിൽ ചിക്കൻകറിയും കപ്പ വേവിച്ചതും റെഡി. പിന്നെ സ്കൂൾ ബഞ്ച് വരിവരിയായി പിടിച്ചിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. വീട്ടുപകരണങ്ങളും പ്രമാണങ്ങളുമൊക്കെ പ്രളയജലത്തിൽ ഒലിച്ചുപോയതിന്റെ ദു:ഖം പങ്കിടുന്ന ക്യാന്പ് നിവാസികൾക്ക് ഇന്നലെ അതെല്ലാം മറന്ന് ഒരു സന്തോഷത്തിന്റെ ദിനമായിരുന്നു.