കൊച്ചി: പ്രളയബാധിതർക്കു സർക്കാരിന്റെ ആനുകൂല്യങ്ങൾ കിട്ടുന്നതിന് ക്യാന്പ് വാസമോ രജിസ്ട്രേഷനോ ആവശ്യമില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. നാശനഷ്ടങ്ങൾ റവന്യൂ അധികൃതർ സ്ഥലത്തെത്തി വിലയിരുത്തിയശേഷം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിർണയിക്കുക.
ഓരോ വീടും റവന്യൂ അധികൃതർ എൻജിനിയർമാർക്കൊപ്പം സന്ദർശിച്ചാണ് നാശനഷ്ടങ്ങളുടെ മൂല്യനിർണയം നടത്തുക. വാസയോഗ്യമായ വീടുകൾ ഉള്ളവർക്ക് അവിടേക്ക് മടങ്ങിപ്പോകാവുന്നതാണ്. വീടുകൾ വാസയോഗ്യമാകുന്നതു വരെ ക്യാന്പുകളിൽ താമസസൗകര്യം നൽകും.
സർക്കാർ ആനുകൂല്യത്തിന് അപേക്ഷ നൽകാനെന്ന പേരിൽ പ്രചരിപ്പിക്കുന്ന ഫോറം വ്യാജമാണെന്നും കളക്ടർ വ്യക്തമാക്കി. പ്രളയദുരന്തത്തിന്റെ അടിസ്ഥാനത്തിലുള്ള ഫോറം സർക്കാർ പുറത്തിറക്കിയിട്ടില്ലെന്നും അദ്ദേഹം പത്രക്കുറുപ്പിൽ അറിയിച്ചു.