കൊല്ലം: മഴക്കെടുതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരെ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.വി. ഷേര്‍ളി അറിയിച്ചു. ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ ഉപയോഗിക്കാവൂ. തുറസായ ഇടങ്ങളില്‍ മല-മൂത്ര വിസര്‍ജ്ജനം ഒഴിവാക്കണം.
ക്യാമ്പുകളും പരിസരങ്ങളും വ്യത്തിയായി സൂക്ഷിക്കണം. മാലിന്യങ്ങള്‍ അലക്ഷ്യമായി വലിച്ചെറിയരുത്. ഭക്ഷണം പാകം ചെയ്യുന്നതിലും വിതരണത്തിലും ശുചിത്വം ഉറപ്പാക്കണം. ഭക്ഷണ പാനീയങ്ങള്‍ അടച്ചുസൂക്ഷിക്കണം. കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യണം.
പനി, വയറിളക്കം തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ എല്ലാ ആശുപത്രികളും സുസജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളിലുള്ളവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.