ചാത്തന്നൂർ: ചെങ്ങന്നൂരിലെ ദുരിതാശ്വാസ ക്യാന്പിൽ വിവരശേഖരണത്തിന് എത്തിയ ഉദ്യോഗസ്ഥനെ മർദിച്ച ജനപ്രതിനിധികളടക്കം ഉള്ളവർക്കെതിരെ കേസെടുത്ത് മാതൃകാപരമായ ശിക്ഷ ഉറപ്പ് വരുത്താൻ നടപടി സ്വീകരിക്കണമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.
മർദനമേറ്റ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പുലിയൂർ പഞ്ചായത്ത് ഹെഡ് ക്ലർക്ക് നാവായിക്കുളം മരുതി കുന്ന് ഹെനാ ഡെയിൽ പ്രമോദിനെ(33) സന്ദർശിച്ച ശേഷമാണ് ഈ അവശ്യം ഉന്നയിച്ചത്.ദുരിതാശ്വാസ ക്യാമ്പുകൾ രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ആക്രമണങ്ങൾ എന്നും ക്യാമ്പിൽ കൊണ്ടുവരുന്ന സാധന സാമഗ്രികൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി തട്ടിയെടുക്കാൻ ശ്രമം നടക്കുന്നതായും ഉമ്മൻ ചാണ്ടി ആരോപിച്ചു.
ചെങ്ങന്നൂർ താലൂക്കിലെ ചെറിയനാട് തുരുത്തിന്മേൽ എസ്എൻയുപിസ്കൂളിലെ അംഗങ്ങളുടെ എണ്ണം ,ഭക്ഷണം തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ തഹസീൽദാരുടെ നിർദേശപ്രകാരം വനിതാഉദ്യോഗസ്ഥർക്കൊപ്പം പോയപ്പോഴാണ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിവേകുമായി വാക്ക് തർക്കവുംഅടിപിടിയും ഉണ്ടായത്.
അഡ്വ.ഷാനവാസ് ഖാൻ,മിൽമാ ചെയർമാൻ കല്ലട രമേശ്,പരവൂർ സജീബ്, കെ.ബി.ഷഹാൽ ,സജിഗത്തിൽ സജീവ് എന്നിവരും അദ്ദേഹത്തോടൊപ്പം ആശുപത്രി സന്ദർശിച്ചു.