ജോണ്സണ് നൊറോണ
ആലപ്പുഴ: ദുരിതാശ്വാസ ക്യാന്പായിരുന്ന സ്കൂൾ കല്ല്യാണമണ്ഡപമായി. ബിനു മീരയുടെ കൈപിടിച്ചു. പ്രളയക്കെടുതിക്കിരയായ രണ്ടു കുടുംബങ്ങളിലെ രണ്ടുപേർ പുതിയ ജീവിതത്തിലേക്കു ഒന്നായപ്പോൾ അതിനു സാക്ഷികളായി ബന്ധുക്കളോടൊപ്പം അന്തേവാസികളും ക്യാന്പ് ലീഡർ ഹൗസിംഗ് കോളനി വാർഡ് കൗണ്‍സിലർ സജേഷും, മറ്റ് അഞ്ച് കൗണ്‍സിലർമാരും.
പഞ്ചാബിൽ എയർഫോഴ്സ് ഉദ്യോഗസ്ഥനും കൈതവന കണ്ണാട്ടുകുളം ബിജു-ബിന്ദു ദന്പതികളുടെ മകനുമായ ബിനു(21)വും, കൈനകരി തോട്ടുവാത്തല തയ്യിൽ പ്രഭുത്തമൻ-മേരിമ്മ ദന്പതികളുടെ മകൾ മീര(21)യുമാണ് ക്യാന്പിൽ വിവാഹിതരായത്.
പഴവീട് ഗവ. യുപി സ്കൂളിലായിരുന്നു വിവാഹം. മറ്റൊരു പ്രത്യേകത ദന്പതികൾ ഇരുവരും സ്കൂളിലെ പൂർവവിദ്യാർഥികളായിരുന്നു. ബിജുവിന്റെ കൈതവനയിലുള്ള വീടിനകത്തു മുഴുവൻ വെള്ളം കയറിയതോടെ മാതാപിതാക്കൾ പഴവീട് സ്കൂളിൽ അഭയം തേടുകയായിരുന്നു.
കൈനകരിയിലെ വീട്ടിൽ വെള്ളം കയറിയതോടെ മീരയുടെ മാതാപിതാക്കൾ പുന്നപ്ര പറവൂരിലെ ബന്ധുവീട്ടിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഇന്നലെ രാവിലെ 11.50നുള്ള മുഹൂർത്തത്തിൽ ക്യാന്പ് ലീഡറുടെ അനുമതിയോടെ ഇവർ വിവാഹിതരാകുകയായിരുന്നു. തുടർന്നു ക്യാന്പിലുണ്ടായിരുന്ന ഏവർക്കും മധുരവും വിതരണം ചെയ്തു.
ക്യാന്പിൽ എല്ലാവർക്കും സദ്യയുമൊരുക്കിയിരുന്നു. ക്യാന്പ് തുടങ്ങിയപ്പോൾ മുതൽ ഇവിടുത്തെ പാചകത്തിന്റെ നേതൃത്വം ബിനുവിന്റെ അമ്മ ബിന്ദുവിനായിരുന്നു. ബിന്ദുവും മറ്റു നാലുപേരും ചേർന്നാണ് ക്യാന്പിലുള്ളവർക്കു ഭക്ഷണം പാചകം ചെയ്യുന്നത്. മകന്റെ വിവാഹവും ക്യാന്പിൽവെച്ചായപ്പോൾ വിവാഹസദ്യയുടെ നേതൃത്വവും ബിന്ദു ഏറ്റെടുത്തു.