ആലപ്പുഴ: പ്രളയവുമായി ബന്ധപ്പെട്ട് ആരംഭിച്ച ദുരിതാശ്വാസ ക്യാന്പിലെ അന്തേവാസികളിൽ നിന്ന് കൗണ്‍സിലർമാരും കുടുംബശ്രീ ഭാരവാഹികളും ചേർന്ന് നടത്തിയ പണപ്പിരിവിനെച്ചൊല്ലി വിവാദം. ക്യാന്പിൽ കഴിഞ്ഞവർക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തിര ധനസഹായം ലഭിക്കാതെ വന്നതോടെ പണം നൽകിയവർ പരാതിയുമായി രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തായത്.
പ്രളയബാധിതർ ജില്ലാ ഭരണകൂടത്തിലും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും പരാതി നൽകിയതോടെ പണം തിരികെ നൽകുകയും ചെയ്തു. എന്നാൽ ചിലർ തിരികെ പണം വാങ്ങാൻ തയാറായില്ല. ക്യാന്പിലേക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പണമില്ലാതെ വന്ന സാഹചര്യത്തിലായിരുന്നു പിരിവ് നടത്തിയത്. ആലപ്പുഴ നഗരത്തിലെ രണ്ട് വാർഡുകളിലെ ദുരിത ബാധിതരായിരുന്നു ക്യാന്പിലുണ്ടായിരുന്നത്.
അതേസമയം പണപ്പിരിവ് നടത്തിയതിനെച്ചൊല്ലി ഭരണ- പ്രതിപക്ഷ കൗണ്‍സിലർമാർ തമ്മിൽ ആരോപണമുന്നയിക്കുകയാണ്. ആരാണ് പണപ്പിരിവിന് നേതൃത്വം നൽകിയത് എന്നത് സംബന്ധിച്ച് പരിശോധന നടത്തണമെന്നുമാണ് ഇവരുടെ ആവശ്യം.