നിലന്പൂർ: സ്കൂൾ അടച്ചപ്പോൾ ഹോസ്റ്റലിൽ നിന്നും മാതാപിതാക്കളോടൊപ്പം ഓണം ആഘോഷിക്കാൻ കുട്ടികളെത്തിയത് ദുരിതാശ്വാസ ക്യാന്പിലേക്ക്. ഗോത്രവർഗ വിഭാഗത്തിലെ കുട്ടികൾക്കായുള്ള നിലന്പൂർ വെളിയംതോടിലെ ഐജിഎംഎംആർ സ്കൂളിലെ നാല് കുട്ടികളാണ് സ്കൂളിൽ നിന്നും കരുളായി പുള്ളിയിൽ ഗവ. എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാന്പിലെത്തിയത്.
സ്കൂൾ അടച്ചുവെന്ന വാർത്തയെ തുടർന്ന്് ക്യാന്പിലുള്ള രക്ഷിതാക്കൾ സ്കൂളിലെത്തി കുട്ടികളെ കൂട്ടിക്കൊണ്ടുവരികയായിരുന്നു. സ്കൂൾ അധികൃതർ കുട്ടികളെ വീട്ടിലേക്ക് അയയ്ക്കില്ലെന്ന നിലപാടിലായിരുന്നു. എന്നാൽ രക്ഷിതാക്കൾ നിർബന്ധിച്ചപ്പോൾ കൂടെ അയയ്ക്കാൻ തീരുമാനിച്ചു. കാലാവസ്ഥ അനുകൂലമായാൽ സ്വന്തം വീടുകളിൽ ഓണം ആഘോഷിക്കാൻ പറ്റുമെന്ന സന്തോഷത്തിലാണ് കുട്ടികൾ.