പുതുക്കാട് : കുറുമാലി പുഴയും മണലി പുഴയും കരകവിഞ്ഞ് നാശം വിതച്ച പുതുക്കാട് മണ്ഡലത്തിലെ സ്ഥിതി സാധാരണ നിലയിലേക്ക്. വ്യാപക നാശനഷ്ടം വിതച്ച വരന്തരപ്പിള്ളി, പുതുക്കാട്, തൃക്കൂർ, നെന്മണിക്കര, പറപ്പൂക്കര എന്നി പഞ്ചായത്തുകളിൽ വെള്ളം ഇറങ്ങി തുടങ്ങിയതോടെ വീട്ടുകാർ ദുരിതാശ്വാസ ക്യാന്പുകളിൽ നിന്ന് ഒഴിഞ്ഞു തുടങ്ങി.
മണ്ഡലത്തിൽ 84 ദുരിതാശ്വസ ക്യാന്പുകളിലായി അഭയം തേടിയത് 27,719 പേരായിരുന്നു. ഏറ്റവും കൂടുതൽ ആളുകൾ ക്യാന്പുകളിലെത്തിയത് പറപ്പൂക്കര പഞ്ചായത്തിൽ നിന്നാണ്. ഇവിടെ 27 ക്യാന്പുകളിലായി 12,112 ആളുകളെത്തി. പറപ്പൂക്കരയുടെ മൂന്നിൽ രണ്ട് ഭാഗത്തോളം വെള്ളത്തിൽമുങ്ങി.
വരന്തരപ്പിള്ളി പഞ്ചായത്തിലെ 4945 ആളുകൾ 14 ക്യാന്പുകളിലേയക്കെത്തി. വല്ലച്ചിറയിൽ എട്ട് ക്യാന്പുകളിലായി 4321 പേരെത്തി. നെന്മണിക്കര പഞ്ചായത്തിൽ 10 ക്യാന്പുകളിലായി 2071 പേരും അളഗപ്പനഗറിൽ രണ്ട് ക്യാന്പുകളിലായി 620പേരും തൃക്കൂരിൽ നാല് ക്യാന്പുകളിലായി 850 പേരും മറ്റത്തൂരിൽ 14 ക്യാന്പുകളിലായി 1650 പേരും പുതുക്കാട് പഞ്ചായത്തിൽ ആറ് ക്യാന്പുകളിലായി 1150 പേരും അഭയം തേടിയിരുന്നു.
മണ്ഡലത്തിൽ 100ലേറെ വീടുകൾ പൂർണ്ണമായും ഭാഗികമായി തകർന്നിട്ടുണ്ട്. ഇവർ ഇപ്പോഴും ക്യാന്പുകളിൽ തുടരുകയാണ്.വേലൂപ്പാടം ലക്ഷംവീട് കോളനിയിലെ പതിമൂന്ന് വീടുകളാണ് ഒരേ സമയം നിലംപൊത്തിയത്. വീടുകളിൽ നിന്ന് വെള്ളം ഇറങ്ങി തുടങ്ങിയതോടെ ശുചീകരണ പ്രവർത്തനങ്ങൾ ധ്രുതഗതിയിലാണ് നടക്കുന്നത്. പല സംഘടനകളും ശുചീകരണത്തിന് നേതൃത്വം നൽകുന്നുണ്ട്.
കിണറുകളിൽ മലിനജലം നിറഞ്ഞതോടെ രൂക്ഷമായ ശുദ്ധജല ക്ഷാമമാണ് മേഖലയിൽ നേരിടുന്നത്. ശുദ്ധജല സ്രോതസുകൾ ക്ലോറിനേഷൻ നടത്തുന്നതിനായി ആരോഗ്യ പ്രവർത്തകരുടെ സംഘം മേഖലയിൽ ക്യാന്പ് ചെയ്യുന്നുണ്ട്.കാർഷിക മേഖലയെ ഒന്നടങ്കം ഇല്ലാതാക്കിയ വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് കർഷകരാണ് ദുരിതമനുഭവിക്കുന്നത്.
പാലപ്പിള്ളി തോട്ടം മേഖലയിൽ അലഞ്ഞു നടന്നതും, ചില പഞ്ചായത്തുകളിലെ ഫാമുകളിൽ നിന്നും ചത്തൊടുങ്ങിയതുമായ നൂറിലേറെ മാടുകളുടെ ജഡങ്ങളാണ് കുറുമാലി പുഴയിലും വെള്ളക്കെട്ടിലുമായി തങ്ങി കിടക്കുന്നത്.ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടവരുത്തുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
കഴിഞ്ഞ ദിവസങ്ങളിലായി കുറുമാലിപുഴയിലെ മാഞ്ഞാംകുഴി ഷട്ടറിൽ അടിഞ്ഞുകൂടിയത് അന്പതിലേറെ മാടുകളുടെ ജഡങ്ങളാണ്.സമീപ പ്രദേശമായ ചെറുവാളിൽ സ്വകാര്യ വ്യക്തിയുടെ ഫാമിലെ മുപ്പതോളം പശുക്കൾ ഒഴുക്കിൽപ്പെട്ടു, ഇതിൽ എട്ടു പശുക്കളുടെ ജഡങ്ങൾ വെള്ളക്കെട്ടിൽ തങ്ങി നിൽക്കുകയായിരുന്നു. വെള്ളം കയറിയ വീടുകൾക്ക് നടുവിലാണ് പശുക്കളുടെ ജഡങ്ങൾ കിടന്നിരുന്നത്.