ചാലക്കുടി: വെള്ളെപ്പൊക്കത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സഹായങ്ങൾ ഒഴുകുന്നു. എന്നാൽ, അർഹതപ്പെട്ടവർക്ക് ലഭിക്കുന്നില്ല. സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി സംഘടനകളാണ് ദുരിതബാധിതർക്ക് സഹായവുമായി എത്തുന്നത്.
എന്നാൽ ചില കേന്ദ്രങ്ങളിൽ കൊണ്ടുവന്ന് വിതരണം ചെയ്ത് മടങ്ങുകയാണ്. കിട്ടയവർക്കുതന്നെയാണ് വീണ്ടും വീണ്ടും ലഭിക്കുന്നത്. എന്നാൽ വീടുകളിൽ വെള്ളം കയറി ചെളി നിറഞ്ഞതിനെത്തുടർന്ന് വീട്വിട്ട് മറ്റു സ്ഥലങ്ങളിൽ അഭയം തേടിയവർ വീടുകളിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കയാണ്.
ഉടതുണിക്ക് മറുതുണിയില്ലാതെ രക്ഷപ്പെട്ടവരാണ് ഭൂരിഭാഗം പേരും. വീടുകളിലേക്ക് തിരിച്ചെത്തുന്നവർ എല്ലാം നശിച്ചുകിടക്കുന്ന അവസ്ഥയാണ്. എല്ലാം വീടുകളിൽനിന്നും പുറത്തേക്ക് തള്ളികളയുകയാണ്. പ്രളയബാധിതപ്രദേശങ്ങളിലെ വീടുകളിൽ തിരിച്ചെത്തിയവർക്ക് യാതൊരു ഗതിയുമില്ലാത്ത അവസ്ഥയാണ്.
സഹായങ്ങൾ നൽകുന്നവർ പൊതുസ്ഥലങ്ങളിൽ വിതരണം ചെയ്യുന്നതിനുപകരം വീടുകളിലേക്ക് എത്തിച്ചാൽ മാത്രമേ സഹായം അർഹതപ്പെട്ടവർക്ക് ലഭിക്കുകയുള്ളൂ. കഴിഞ്ഞദിവസം പോണ്ടിച്ചേരിയിൽനിന്നും എത്തിയ സംഘം വീടുകളിൽ നേരിട്ടുവന്ന് കിറ്റുകൾ വിതരണം ചെയ്തു. ഈ മാതൃക മറ്റു സംഘടനകൾ സ്വീകരിക്കുന്നത് ഉപകാരമാകും.