എരുമേലി: ഭൂമിക്കടിയിൽനിന്നു തുടർച്ചയായി മുഴക്കം കേട്ടെന്ന പ്രചാരണം വ്യാപകമായതോടെ അന്വേഷണം നടത്താൻ പോലീസിൽ നീക്കം. ഒപ്പം സ്ഥലത്ത് നേരിട്ട് അന്വേഷണത്തിനും തെളിവെടുപ്പിനുമായി സെന്റർ ഫോർ എർത്ത് സയൻസിലെ വിദഗ്ധ സംഘം ഇന്നെത്തും.
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് ഡയറക്ടർ പ്രഫ. ജ്യോതി രഞ്ജന്റെ മേൽനോട്ടത്തിൽ ഭൗമശാസ്ത്രജ്ഞനായ ഡോ.ജെ.കെ. തോംസന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് എത്തുക.
കഴിഞ്ഞ ദിവസങ്ങളിൽ ചേനപ്പാടിയിലും പരിസരങ്ങളിലുമാണ് ഭൂമിക്കടിയിൽനിന്നു മുഴക്കം കേട്ടത്. തുടർന്ന് ജിയോളജിസ്റ്റിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ കാരണം കണ്ടെത്താനായില്ല.
ഭൂചലനം അനുഭവപ്പെട്ടതായി ഇടുക്കി കുളമാവ് ഡാമിലെ റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തിയിട്ടില്ല. ഇത് മുഴക്കം സംബന്ധിച്ച് സംശയം സൃഷ്ടിച്ചിരുന്നു.
അടുത്ത ദിവസം പുലർച്ചെ വീണ്ടും മുഴക്കം അനുഭവപ്പെട്ടെന്ന് നാട്ടുകാർ അറിയിച്ചതോടെ ഒട്ടേറെ ഊഹാപോഹങ്ങൾ പ്രചരിക്കപ്പെട്ടു. എരുമേലിയിലെ നിർദിഷ്ട വിമാനത്താവള പദ്ധതിക്ക് എതിരായി ഭൂമിക്കടിയിലെ മുഴക്കങ്ങൾ പ്രചരിപ്പിക്കുന്നതായി പരാതി ഉയർന്നു.
ഇതോടെയാണ് പ്രചാരണങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ പോലീസിൽ നീക്കം ആരംഭിച്ചിരിക്കുന്നത്. നിജസ്ഥിതി അന്വേഷിക്കണമെന്ന് ജില്ലാ പോലീസ് മേധാവിയോട് നിർദേശിച്ചിട്ടുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു.
പ്രചാരണം തെറ്റാണെന്ന് വനംവകുപ്പ്
കാരിത്തോട് ഭാഗത്ത് പുലിയെ കണ്ടെന്ന വാർത്ത തെറ്റാണെന്ന് വനംവകുപ്പ് വ്യക്തമാക്കിയിട്ടും പ്രചാരണം നിലച്ചിട്ടില്ല. കാട്ടുപൂച്ചയുടെ കാൽപ്പാടുകളാണ് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ലഭിച്ചത്.
കാരിത്തോടും ചേനപ്പാടിയും എരുമേലി പഞ്ചായത്തിലെ പ്രദേശങ്ങളാണ്. ഇതിന്റെ തൊട്ടടുത്താണ് നിർദിഷ്ട വിമാനത്താവള പദ്ധതി ഉൾപ്പെട്ട ചെറുവള്ളി എസ്റ്റേറ്റ്.
പുലിയെ കണ്ടെന്ന പ്രചാരണവും ഭൂമിക്കടിയിൽ മുഴക്കം അനുഭവപ്പെട്ടെന്ന സംഭവവും വിമാനത്താവള പദ്ധതി നടപ്പിലാക്കാതിരിക്കാനുള്ള നീക്കങ്ങൾക്ക് ഉപയോഗിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്.
പദ്ധതി പ്രദേശം വന്യജീവി സാന്നിധ്യം ഉള്ള സ്ഥലമാണെന്ന് വരുത്തിത്തീർക്കുകയാണ് പുലിയെ കണ്ടെന്ന പ്രചാരണം വ്യാപകമാക്കുന്നതിന്റെ പിന്നിലെന്ന് പറയപ്പെടുന്നു.