കൊച്ചി: കോളജ് കാമ്പസുകളിലും ഹോസ്റ്റലുകളിലും വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ ചായ്വുകളില്ലാത്ത വിദ്യാഭ്യാസ വിദഗ്ധരെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരാക്കി നിയമിക്കണം, സെനറ്റ്, സിന്‍ഡിക്കറ്റ് അംഗങ്ങളുടെ നിയമനത്തിലും സമാന നടപടികളുണ്ടാകണമെന്നതുമടക്കം ആവശ്യപ്പെട്ട് കൊല്ലം സ്വദേശി ഡോ. എസ്. ഗണപതിയാണ് ഹര്‍ജി നല്‍കിയത്. ചാന്‍സലര്‍, ചീഫ് സെക്രട്ടറി, സര്‍വകലാശാലാ മേധാവികള്‍, വിദ്യാര്‍ഥി സംഘടനകള്‍ തുടങ്ങിയവരെ എതിര്‍കക്ഷികളാക്കിയാണു ഹര്‍ജി.
പുതിയ തലമുറയെ രാഷ്ട്രീയത്തിനു പിന്നാലെ വിടുന്നതിനു പകരം അവര്‍ക്ക് മൂല്യമുള്ള വിദ്യാഭ്യാസം നല്കുകയാണു വേണ്ടത്. കാമ്പസ് രാഷ്ട്രീയം അക്രമത്തിലേക്ക് വഴിമാറുന്നതിനാല്‍ പല വിദ്യാര്‍ഥികളും കാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയായി മാറുന്നു.
ജോലിസാധ്യതയുള്ള കോഴ്സുകളാണ് വിദേശത്തുള്ളതെന്നതിനാലാണ് ഉപരിപഠനത്തിനായി വിദ്യാര്‍ഥികള്‍ കൂട്ടത്തോടെ അവിടങ്ങളിലേക്ക് പോകുന്നത്. ഇതു തുടര്‍ന്നാല്‍ തലച്ചോര്‍ മരവിച്ച അവസ്ഥയിലാകും രാജ്യം.
വിസി നിയമനവുമായി ബന്ധപ്പെട്ട് ആവശ്യമായ നിയമഭേദഗതി കൊണ്ടുവരണം. ഹോസ്റ്റലുകളില്‍ ശക്തമായ നിയമങ്ങള്‍ ബാധകമാക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.