കോഴിക്കോട് : കോവിഡിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്കൂള്‍- കോളജുകള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിച്ചതിന് പിന്നാലെ കാമ്പസുകള്‍ വഴി പുറത്തേക്ക് പടരുന്ന സംഘര്‍ഷത്തിന് വിലങ്ങിടാന്‍ പോലീസ്.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷം പലപ്പോഴും കോളജ്വിട്ട് പുറത്തേക്ക് എത്താനുള്ള സാധ്യത കണക്കിലെടുത്തും ക്രമസമാധാന പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുമായി കര്‍ശന നടപടി സ്വീകരിക്കാനാണ് പോലീസ് തീരുമാനം.
വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇരുകൂട്ടര്‍ക്കും പരാതിയില്ലെങ്കിലും ഇനി പോലീസ് സ്വമേധയാ കേസെടുക്കും. സുമോട്ടോ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ പുറത്ത് വച്ച് പ്രശ്നം പരിഹരിക്കാനും സാധിക്കില്ല.
നിയമനടപടിയിലൂടെ മാത്രമേ ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ സാധിക്കുകയുള്ളൂ. കാമ്പസുകളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടാവുന്ന സംഘര്‍ഷം പുറത്തേക്കെത്തിയാല്‍ രാഷ്ട്രീയ സംഘര്‍ഷത്തിനും മറ്റും കാരണമായി മാറിയേക്കാമെന്ന് രഹസ്യാന്വേഷണ വിഭാഗവും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് പോലീസ് ഇടപെടുന്നത്. കാമ്പസിനകത്തുള്ള പ്രശ്നങ്ങളില്‍ പോലീസിന് ഇടപെടണമെങ്കില്‍ കോളജധികൃതരുടെ അനുമതി ആവശ്യമാണ്.
അതേസമയം വിദ്യാര്‍ഥികള്‍ കാമ്പസ് വിട്ട് പുറത്തേക്കിറങ്ങി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന പക്ഷം കേസെടുക്കാനാണ് തീരുമാനം.