തൃശൂർ: നഗരത്തിലെ ചലനങ്ങൾ മുഴുവൻ ഇനി ക്യാമറ കണ്ണിൽ. ഇതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതായി മേയർ അജിത ജയരാജൻ പറഞ്ഞു. സ്വരാജ് റൗണ്ടിലും മറ്റു ജംഗ്ഷനുകളിലും ഇടവഴികളിലുമായി 300 ക്യാമറകളാണ് സ്ഥാപിക്കുക.
അഞ്ചു കോടി രൂപ മുടക്കി കോർപറേഷന്റെ നേതൃത്വത്തിൽ പോലീസിന്റെ നിയന്ത്രണത്തിലാണ് ക്യാമറകൾ പ്രവർത്തിപ്പിക്കുന്നത്. ക്യാമറകൾ സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടിയെന്ന നിലയിൽ കമ്മീഷണർ ഓഫീസിൽ സ്ക്രീൻ വയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ഇന്നു തുടക്കമായി.
20 ലക്ഷം രൂപ മുടക്കിയാണ് ക്യാമറ സ്ക്രീൻ സ്ഥാപിക്കാനുള്ള സൗകര്യമൊരുക്കുന്നത്. 300 ക്യാമറകളുടെയും കാഴ്ചകൾ പോലീസ് കമ്മീഷണർ ഓഫീസിൽ വയ്ക്കുന്ന സ്ക്രീനിൽ തെളിയും.
എന്തെങ്കിലും ട്രാഫിക് ലംഘനങ്ങളോ, അക്രമങ്ങളോ മറ്റു കാര്യങ്ങളോ നടക്കുന്നുണ്ടെങ്കിൽ ഇവിടെയിരുന്ന് തന്നെ കണ്ട് ബന്ധപ്പെട്ട പോലീസിനെ വിവരമറിയിക്കാനാകും.
ഇതോടെ നഗരം കൂടുതൽ സുരക്ഷിതമാക്കാനാകുമെന്നാണ് കരുതുന്നത്. വിവിധ സംഭാവനകളും സ്പോണ്സർമാരെയും കണ്ടെത്തിയാണ് ക്യാമറ വയ്ക്കാൻ കോർപറേഷൻ അഞ്ചു കോടി രൂപ കണ്ടെത്തിയിരിക്കുന്നത്.
ക്യാമറകൾ അടുത്ത ദിവസങ്ങളിൽ തന്നെ സ്ഥാപിക്കാനാണ് തീരുമാനം. ഇതിനുള്ള എല്ലാ നടപടികളും പൂർത്തിയായതായും മേയർ പറഞ്ഞു.