ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ (53) രാജി സന്നദ്ധത അറിയിച്ചതിന് പിന്നാലെ പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ ലിബറല്‍ പാര്‍ട്ടി ഒരുങ്ങുന്നു. ഈയാഴ്ചത്തന്നെ യോഗം ചേർന്നു നേതാവിനെ തെരഞ്ഞെടുക്കുമെന്നു ലിബറല്‍ പാര്‍ട്ടി പ്രസിഡന്റ് സച്ചിത് മെഹ്റ അറിയിച്ചു.
പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നതുവരെ ട്രൂഡോ പ്രധാനമന്ത്രിസ്ഥാനത്തു തുടരും.കാനഡയും പാര്‍ട്ടിയും ട്രൂഡോയോട് കടപ്പെട്ടിരിക്കുന്നുവെന്നും സചിത് മെഹ്റ പറഞ്ഞു.
അതേസമയം മുഖം മാറ്റി കാനഡക്കാരെ കബളിപ്പിക്കാനാണു ലിബറല്‍ പാര്‍ട്ടിയുടെ ശ്രമമെന്നും ട്രൂഡോയുടെ രാജിമൂലം ഭരണത്തിൽ മാറ്റമൊന്നും സംഭവിക്കില്ലെന്നും പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് പിയറി പൊയിലിവേര്‍ പ്രതികരിച്ചു.
ഈ വർഷം കാനഡയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ അഴിമതികളും ജനവിരുദ്ധ നയങ്ങളും ട്രൂഡോയ്ക്കു തിരിച്ചടിയാവുകയും സ്വന്തം പാർട്ടിയിൽ നിന്നടക്കം എതിർപ്പുയരുകയും ചെയ്തിരുന്നു. എന്നാൽ, പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങളാണു രാജിക്കു പിന്നിലെന്നാണു ട്രൂഡോ പറഞ്ഞത്.