വാൻകൂവർ: കാനഡയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്തതായി കോൺസുലേറ്റ് ഇന്നലെ പ്രസ്താവനയിൽ അറിയിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നു കോൺസുലേറ്റ് ഉറപ്പുനൽകി.
കാനഡയിലെ എഡ്മിന്റണിലാണ് ഹർഷൻദീപ് സിംഗ്(20) എന്ന ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നംഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽനിന്നു താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽന്നു വെടിയുതിർക്കുകയുമായിരുന്നു.