ടൊറോന്റോ: കനേഡിയൻ പ്രവിശ്യയായ നൊവാ സ്കോഷ്യയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ രണ്ടു കുട്ടികളടക്കം നാലു പേരെ കാണാതായി.
വെള്ളക്കെട്ടുമൂലം മേഖലയിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. 24 മണിക്കൂറിനിടെ 25 സെന്റിമീറ്റർ മഴയാണ് പ്രദേശത്ത് പെയ്തിറങ്ങിയത്.
പ്രവിശ്യയിലെ ഏറ്റവും വലിയ പട്ടണമായ ഹാലിഫാക്സ് അടക്കമുള്ള സ്ഥലങ്ങളിൽ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഹാലിഫാക്സ് പട്ടണത്തിൽ വെള്ളക്കെട്ടിൽ ഒഴുകിപ്പോയ കാറിനുള്ളിൽ അകപ്പെട്ടാണ് രണ്ടു കുട്ടികളെ കാണാതായത്.
വെള്ളക്കെട്ടിലേക്കു നിയന്ത്രണം വിട്ട് ഓടിക്കയറിയ കാറിലകപ്പെട്ട് രണ്ടു യുവാക്കളെയും കാണാതായി.വൈദ്യുതസംവിധാനങ്ങൾ തകർന്നതോടെ 80,000 പേർ ഇരുട്ടിലായെന്നും മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.