ന്യൂഡൽഹി: ഖലിസ്ഥാൻ ഭീകരസംഘടനകൾക്കെതിരേ നടപടിയെടുക്കാത്തതിൽ ഇന്ത്യ- കാനഡ നയതന്ത്രബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉയരുന്നതിനിടെ ഇസ്രയേലിൽ ഹമാസ് നടത്തുന്ന ഭീകരാക്രമണങ്ങളിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ശക്തമായി അപലപിക്കുന്പോഴും രാജ്യത്ത് ഹമാസ് അനുകൂല സംഘടനകളുടെ ആഹ്ലാദപ്രകടനം.
ഒന്റാറിയോയിലെ മിസിസാഗയിലെ തെരുവുകളിൽ പലസ്തീൻ പതാകകൾ വീശിയാണ് ഹമാസ് അനുകൂലികൾ ആഹ്ലാദപ്രകടനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു.
റെബൽ ന്യൂസ് കാനഡയാണ് വീഡിയോ പുറത്തുവിട്ടത്. ട്രക്കുകളിലും കാറുകളിലും ആളുകൾ മുദ്രാവാക്യം വിളിക്കുന്നതും പലസ്തീൻ പതാക വീശുന്നതും വീഡിയോയിൽ കാണാം.
സ്വീഡൻ, ജർമനി, തുർക്കി തുടങ്ങിയ രാജ്യങ്ങളിലും ഭീകരാക്രമണത്തെ അനുകൂലിച്ചുള്ള പ്രകടനങ്ങളുടെ വീഡിയോ വിവിധ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
പടിഞ്ഞാറൻ യൂറോപ്പിലെയും വടക്കേ അമേരിക്കയിലെയും ചില നഗരങ്ങളിലും ഇത്തരം സംഭവങ്ങൾ നടന്നതായി റെബൽ റിപ്പോർട്ട് ചെയ്യുന്നു.